വി ഡി സതീശന്റെ സത്യപ്രതിജ്ഞയിൽ ഫേസ്ബുക്കിലൂടെ പരോക്ഷ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ജിന്റോ ജോൺ. ഏതെങ്കിലും വ്യക്തിയെ ഉദ്ദേശിച്ച് നടത്തിയ പരാമർശം അല്ല. അനവസരത്തിൽ ജാതിവാലുകൾ മുളയ്ക്കുന്നത് കോൺഗ്രസിന് നല്ലതല്ല. ജാതിവാലുകൾ കോൺഗ്രസിന് ബാധ്യത ആണ്. ഇന്നത്തെ തലമുറയിൽ വി ഡി സതീശന്റെ പേര് അങ്ങനെ വേറെ രീതിയിൽ ചിത്രീകരിക്കപ്പെട്ടുകൂടാ.
20 വർഷമായി ഇൻസ്പെയർ ചെയ്ത നേതാക്കളിൽ നിന്ന് ഇത്തരം കാര്യങ്ങൾ ഉണ്ടായാൽ ഫീൽ ചെയ്യും. ഇത്രയും കാലം ഇല്ലാത്തത് പുതുതായി വരുമ്പോഴാണ് പ്രശ്നം.ജാതിവരമ്പുകൾക്കപ്പുറം അതിനെല്ലാം എതിരെ പോരാടുന്ന നെഹ്റുവിയൻ ലെഫ്റ്റ് കോൺഗ്രസ് നേതാവാണ് വി ഡി സതീശനെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തെ നാളെയും അങ്ങനെ തന്നെ കാണാനാണ് ആഗ്രഹം. സത്യപ്രതിജ്ഞയിൽ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമെന്നും ജിന്റോ പറഞ്ഞു.
വടശ്ശേരി ദാമോദര മേനോൻ സതീശൻ എന്ന സത്യപ്രതിജ്ഞയ്ക്കെതിരെയാണ് ഫേസ്ബുക്കിലൂടെ പരോക്ഷ വിമർശനവുമായി നേരത്തെ ജിന്റോ രംഗത്തെത്തിയത്. തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോണ്‍. അത് മതി.
അങ്ങനെ അറിയപ്പെട്ടാല്‍ മതിയെന്നും ജാതിവാലുകള്‍ ചുമക്കാത്ത കോണ്‍ഗ്രസ് ആകുന്നതാണ് ഇന്‍ക്ലൂസീവ് എന്നുമാണ് ജിന്റോ ജോണ്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ് ബോധ്യമെന്നും ജിന്റോ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ താഴെ നിരവധി പേരാണ് ജിന്റോയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുമായി എത്തിയിരിക്കുന്നത്.
ഇന്നലെ വടശേരി ദാമോദര മേനോന് സതീശന് എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി വി ഡി സതീശന് സത്യപ്രതിജ്ഞ ചെയ്തത്. ജിന്റോ ജോണ്‍ മുഖ്യമന്ത്രിയെ ട്രോളിയെന്നാണ് ഏറിയപേരും കമന്റ് ബോക്സുകളില്‍ വന്ന് പറയുന്നത്.
ജിന്റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചത്
തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല.
ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ് ബോധ്യം



