കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വി ഡിജിറ്റല്‍ ഹെഡ് ആയി ചുമതലയേറ്റെടുത്ത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജിമ്മി ജെയിംസ്. ഉണ്ണി ബാലകൃഷ്ണന്‍ പോയ ഒഴിവിലേക്കാണ് ജിമ്മി ജെയിംസ് എത്തുന്നത്. കഴിഞ്ഞ മാസമാണ് ഉണ്ണി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ടി വിയില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്ക് മാറിയത്. അതിനാല്‍ തന്നെ രണ്ട് പതിറ്റാണ്ടോളം ഏഷ്യാനെറ്റ് ന്യൂസിന്റെ മുഖങ്ങളിലെന്നായിരുന്നു ജിമ്മിയുടെ റിപ്പോര്‍ട്ടറിലേക്കുള്ള വരവിനും പ്രാധാന്യമുണ്ട്.

സാങ്കേതികത്തികവിന്റെ കാലത്ത് മലയാള ദൃശ്യ – മാധ്യമങ്ങള്‍ പരസ്പരം ശക്തമായ മത്സരം നടക്കുന്ന സമയമാണിത്. അതിനാല്‍ തന്നെ മാധ്യമപ്രവര്‍ത്തകരുടെ ഈ ചാനല്‍ മാറ്റത്തിനും പ്രാധാന്യമുണ്ട്. നികേഷ് കുമാര്‍ മാധ്യമ പ്രവര്‍ത്തനം ഉപേക്ഷിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് മാറിയ ശേഷം റിപ്പോര്‍ട്ടറില്‍ ഉണ്ടായ പ്രധാന മാറ്റങ്ങളിലൊന്നായിരുന്നു ഉണ്ണി ബാലകൃഷ്ണന്റെ കൂടുമാറ്റം.

അതിനാല്‍ തന്നെ ഈ വിടവുകള്‍ നികത്തുന്നതിനായി റിപ്പോര്‍ട്ടര്‍ ടിവി വലിയ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ജിമ്മി ജെയിംസിനെ കൂടാതെ അഭിലാഷ് മോഹനനേയും റിപ്പോര്‍ട്ടറില്‍ എത്തിക്കാനുള്ള ശ്രമം നടന്നിരുന്നു എന്നാണ് വിവരം. നിലവില്‍ മാതൃഭൂമി ന്യൂസിലെ അസിസ്റ്റന്റ് എഡിറ്റര്‍ ആയ അഭിലാഷിനായി വലിയ ശ്രമമാണ് റിപ്പോര്‍ട്ടര്‍ നടത്തിയത്. ടെലിവിഷന്‍ വാര്‍ത്താവതരണ രംഗത്ത് ഏറെ ആരാധകരുള്ള മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ് അഭിലാഷ് മോഹനന്‍.