ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. സംസ്ഥാനത്തെ 81 സീറ്റുകളിൽ 43 മണ്ഡലങ്ങളിലേക്കാണ് ഇന്ന് വോട്ടർമാർ വിധിയെഴുതുക. നവംബർ 20 ന് മഹാരാഷ്ട്രയിലെ 288 അസംബ്ലി സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിനൊപ്പം ജാർഖണ്ഡിലെ ശേഷിക്കുന്ന മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും.
15 ജില്ലകളിലെ 43 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാർ ഇന്ന് വോട്ട് രേഖപ്പെടുത്തും. വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് നടക്കുക. ഈ മണ്ഡലങ്ങളിൽ 17 ജനറൽ, 20 പട്ടികവർഗ സംവരണം, ആറ് പട്ടികജാതി സംവരണം എന്നിവ ഉൾപ്പെടുന്ന നിയമസഭാ സീറ്റുകളിലേക്ക് 683 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്.
സംസ്ഥാനത്തൊട്ടാകെ 15,344 പോളിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്.



