ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണവും പിന്നാലെ ഇന്ത്യാ-പാക് സംഘർഷവും ഓപ്പറേഷൻ സിന്ദൂറും നടക്കേവ താൻ ഇടപെട്ടിട്ടാണ് ആണവശക്തികൾ തമ്മിലുള്ള യുദ്ധം തീർത്തതെന്ന യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വാദം ശരിയല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അമേരിക്കയുടെ നിർബന്ധത്തിന് വഴങ്ങി ഇന്ത്യ വെടിനിർത്തലിന് സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി നടത്തിയ സംഭാഷണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെടിനിർത്തലിന് സമ്മതിച്ചില്ലെന്നും പാകിസ്താൻ ആക്രമണത്തിന് ഇന്ത്യ ഉചിതമായ മറുപടി നൽകുമെന്നും ന്യൂസ് വീക്കിന് നൽകിയ അഭിമുഖത്തിൽ ജയശങ്കർ പറഞ്ഞു. ”മെയ് 9-ന് രാത്രി പാകിസ്താൻ ഇന്ത്യയിൽ വളരെ വലിയ ആക്രമണം നടത്താൻ പോകുകയാണെന്ന് വൈസ് പ്രസിഡന്റ് വാൻസ് പ്രധാനമന്ത്രി മോദിയോട് പറഞ്ഞപ്പോൾ ഞാൻ മുറിയിൽ ഉണ്ടായിരുന്നു. ചില കാര്യങ്ങൾ ഞങ്ങൾ അംഗീകരിച്ചില്ല. പാകിസ്താൻ എന്താണ് ചെയ്യാൻ പോകുന്നതെന്നത് പ്രധാനമന്ത്രി ഗൗനിച്ചില്ല. നേരെമറിച്ച്, നമ്മുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണം ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.’ ജയശങ്കർ പറഞ്ഞു.
അടുത്ത ദിവസം രാവിലെ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വിളിക്കുകയും പാകിസ്താൻ സംസാരിക്കാൻ തയ്യാറാണെന്ന് പറയുകയും ചെയ്തു. പിന്നീട്, പാകിസ്താൻ ഡയറക്ടർ ജനറൽ ഓഫ് മിലിറ്ററി ഓപ്പറേഷൻസ് (ഡിജിഎംഒ) മേജർ ജനറൽ കാഷിഫ് അബ്ദുല്ല വെടിനിർത്തലിന് അഭ്യർത്ഥിച്ച് ബന്ധപ്പെട്ടതായി ജയശങ്കർ പറഞ്ഞു.
മെയ് മാസത്തിൽ ഇന്ത്യയും പാകിസ്താനും മിസൈൽ ആക്രമണം നടത്തിയപ്പോൾ തന്റെ ഇടപെടലാണ് വെടിനിർത്തലിലേക്ക് നയിച്ചതെന്ന് ട്രംപും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും നിരന്തരം അവകാശപ്പെടുന്നുണ്ട്. പാകിസ്താന്റെ സൈനിക ശക്തിക്ക് ഏറ്റ തിരിച്ചടിയാണ് വെടിനിർത്തലിന് അഭ്യർത്ഥിക്കാൻ രാജ്യത്തെ നിർബന്ധിതരാക്കിയതെന്നും ഇന്ത്യ അതിന് അനുമതി നൽകുകയായിരുന്നുവെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.