സംസ്ഥാനത്ത് ജവാൻ മദ്യത്തിൻ്റെ ഉൽപ്പാദനം പൂർണമായും നിലച്ചു. കഴിഞ്ഞ നാല് ദിവസമായി ഉൽപ്പാദനം പൂർണമായി നിലച്ച അവസ്ഥയിലാണ്. കുപ്പി, കേസ്, ലേബൽ, ക്യാപ്പ് തുടങ്ങിയ പാക്കിംഗ് വസ്തുക്കൾ ഇല്ലാത്തതാണ് ഈ കടുത്ത പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് വഴിവെച്ചത്. ബെവ്കോ എം.ഡി. എം. ആർ. അജിത് കുമാറിൻ്റെ ഭാഗത്തുനിന്ന് ടെൻഡർ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള യാതൊരു നടപടികളുമുണ്ടാകുന്നില്ലെന്നാണ് പ്രധാന പരാതി. പാക്കിംഗ് വസ്തുക്കൾ ഇല്ലെന്ന് കാട്ടി ടി.എസ്.സി.എൽ. മാനേജർ നാല് തവണ എം.ഡി.ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ കത്തിന്മേൽ എം.ഡി. മറുപടി നൽകുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

ഉൽപ്പാദനം പൂർണമായും നിലച്ചതുമൂലം ബിവറേജസ് കോർപറേഷന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്. സാധാരണയായി ദിവസവും 6,000 മുതൽ 10,000 കേസ് വരെ ജവാൻ മദ്യമാണ് ഇവിടെ നിന്നും കയറ്റി അയച്ചിരുന്നത്.