ലഖ്നൗ: ഉത്തർപ്രദേശിലെ ടോൾ പ്ലാസയിൽ ജവാനെ ടോൾ പ്ലാസയിലെ ജീവനക്കാർ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. കപിൽ കവാദ് എന്ന സൈനികനെയാണ് മീററ്റിലെ ടോൾ പ്ലാസയിലെ തൊഴിലാളികൾ ആക്രമിച്ചത്. വീഡിയോ വൈറലായതോടെയാണ് പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടിയത്. സൈനികനെ ചവിട്ടുന്നതും തല്ലുന്നതും ദൃശ്യങ്ങളിൽ കാണാം. സൈനികനെ തൂണിൽ കെട്ടി വടികൊണ്ട് അടിക്കുന്നതും വീഡിയോയിൽ കാണാം. സൈനികൻ ഗോട്ക സ്വദേശിയാണെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്ക് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. ഓഗസ്റ്റ് 17 ന് രാത്രി മീററ്റ്-കർണാൽ ഹൈവേയിലെ ഭൂനി ടോൾ പ്ലാസയിലാണ് സംഭവം. ദില്ലി വിമാനത്താവളത്തിലേക്ക് തന്റെ ബന്ധുവിനൊപ്പം ജോലിക്ക് കേറാനായി സൈനികൻ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.
ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ജവാൻ ടോൾ ഫീസിനെച്ചൊല്ലി തർക്കിച്ചതിനെത്തുടർന്ന് ആക്രമണത്തിനിരയാകുകയായിരുന്നു. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് സരൂർപൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തുവെന്ന് പൊലീസ് പൊലീസ് സൂപ്രണ്ട് രാകേഷ് കുമാർ മിശ്ര പറഞ്ഞു.
കേസിൽ ആറ് പേരെ മീററ്റ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിലെ നിരവധി വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നിയമനടപടികൾ പുരോഗമിക്കുന്നതിനിടയിൽ, ഒളിവിൽ പോയ ബാക്കിയുള്ള അക്രമികൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.