തായ്‌പെയി: ചൈന തായ്‌വാൻ പിടിച്ചെടുത്താൽ അതിന്റെ വിപുലീകരണ മോഹങ്ങൾ അവിടെ അവസാനിക്കില്ലെന്നും ജപ്പാനും ഫിലിപ്പീൻസും ചൈനയുടെ അടുത്ത ലക്ഷ്യങ്ങളാകുമെന്നും തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ്-തെ മുന്നറിയിപ്പ് നൽകി. തായ്വാന്റെ പതനം ഇൻഡോ-പസഫിക് മേഖലയിലെ സമാധാനത്തെയും അന്താരാഷ്ട്ര ക്രമത്തെയും തകർക്കുമെന്ന് അദ്ദേഹം എഎഫ്പിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തായ്‌വാന് ശേഷം അടുത്ത ഭീഷണി നേരിടുന്ന രാജ്യങ്ങൾ ജപ്പാൻ, ഫിലിപ്പീൻസ്, ഇൻഡോ-പസഫിക് മേഖലയിലെ മറ്റുള്ള രാജ്യങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പ്രതിഫലനങ്ങൾ അമേരിക്കയിലേക്കും യൂറോപ്പിലേക്കും വ്യാപിക്കും,’ അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഏഷ്യ-പസഫിക്കിലെ തായ്‌വാന്റെ സ്ഥാനം, ജപ്പാൻ മുതൽ ഫിലിപ്പീൻസ് വരെ നീളുന്ന, പ്രാദേശിക സുരക്ഷയ്ക്കും അന്താരാഷ്ട്ര വ്യാപാരത്തിനും നിർണായകമാണെന്ന് തായ്‌വാൻ കാണുന്നു. ചൈനയ്ക്ക് ജപ്പാനുമായും ഫിലിപ്പീൻസുമായും ഭൂമിശാസ്ത്രപരമായ തർക്കങ്ങളുണ്ട്, അതേസമയം തായ്‌വാൻ കടലിടുക്ക് ആഗോള ഷിപ്പിംഗിനുള്ള ഒരു പ്രധാന ധമനിയാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് തായ്‌വാൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ്.
സമീപകാലത്തായി തായ്‌വാന്റെ സമുദ്രാതിർത്തിയും വ്യോമാതിർത്തിയും ചൈനിസ് യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും തുടർച്ചയായി ലംഘിക്കുന്നുണ്ട്. തായ്‌വാനെ പിടിച്ചെടുക്കാനുള്ള ചൈനീസ് പദ്ധതി ആസന്നമായിക്കൊണ്ടിരിക്കുന്നുവെന്ന ആശങ്കകൾക്ക് അടിസ്ഥാനം ചൈനയുടെ ഇത്തരം പ്രകോപനങ്ങളാണ്. ഇതിനിടെയാണ് തായ്‌വാൻ പ്രസിഡന്റ് ചൈനീസ് വിപുലീകരണ മോഹങ്ങളേക്കുറിച്ച് ആഞ്ഞടിച്ചത്.
ചൈനയുടെ സൈനിക ഭീഷണി നേരിടാൻ തായ്‌വാൻ തങ്ങളുടെ പ്രതിരോധ ബജറ്റ് വർദ്ധിപ്പിക്കുകയാണ്. 40 ബില്യൺ ഡോളറിന്റെ അധിക പ്രതിരോധ ഫണ്ടിംഗിന് പാർലമെന്റ് അംഗീകാരം നൽകുമെന്ന് പ്രസിഡന്റ് ലായ് ചിംഗ്-തെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. യു.എസ് തങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2030-ഓടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 5 ശതമാനമായി ഉയർത്താനാണ് തായ്വാൻ ലക്ഷ്യമിടുന്നത്.
അതേസമയം തായ്‌വാൻ പ്രസിഡന്റിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ചൈനീസ് വെബ്സൈറ്റായ സോഹുവിൽ മുൻപ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലെ കാര്യങ്ങൾ വീണ്ടും ചർച്ചയായിട്ടുണ്ട്. ഇതിൽ ചൈന വരും വർഷങ്ങളിൽ ലക്ഷ്യമിടുന്ന ആറ് പ്രധാന യുദ്ധങ്ങളെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്. തായ്വാൻ ഏകീകരണമാണ് ഇതിൽ ആദ്യത്തേത്. സമാധാനശ്രമങ്ങളിലൂടെയോ അല്ലാതെയോ തായ്‌വാനെ സ്വന്തമാക്കുക എന്നതാണ് ഇതിൽ പ്രധാനം. തായ്വാന് ശേഷം ദക്ഷിണ ചൈനാ കടലിലെ ദ്വീപുകൾ പിടിച്ചെടുക്കാൻ ചൈന നീക്കം നടത്തും. ഇന്ത്യയുടെ അരുണാചൽ പ്രദേശ് പിടിച്ചെടുക്കുന്നതിനായി ഇന്ത്യയെ ആഭ്യന്തരമായി തകർക്കുകയോ പാകിസ്താനുമായി ചേർന്ന് സമ്മർദ്ദത്തിലാക്കുകയോ ചെയ്യുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യം. ജപ്പാന്റെ നിയന്ത്രണത്തിലുള്ള സെൻകാകു, ഒക്കിനാവ ദ്വീപുകൾ പിടിച്ചെടുക്കാനുള്ള യുദ്ധമാകും ഇതിന് ശേഷമുണ്ടാകുക. തുടർന്ന് മംഗോളിയയെ ചൈനയുടെ ഭാഗമാക്കാനുള്ള സൈനിക നീക്കം നടത്തിയേക്കും. പത്തൊൻപതാം നൂറ്റാണ്ടിൽ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനും ചൈന തയ്യാറായേക്കുമെന്നും പ്രചരിക്കുന്ന റിപ്പോർട്ടുകളിൽ പറയുന്നു. 2030 മുതൽ 2060 വരെയുള്ള സമയങ്ങളിൽ ചൈന ഇത്തരം ലക്ഷ്യങ്ങൾ നേടിയെടുക്കുമെന്നാണ് വാദം. വളരെവേഗത്തിലുള്ള സൈന്യത്തെ ആധുനികവത്കരിക്കലും ആയുധ വികസനവും ഒക്കെ ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പായാണ് കണക്കാക്കുന്നത്.
അതേസമയം തായ്‌വാനുമായുള്ള ചൈനയുടെ ഏതൊരു സംഘർഷത്തിലും തങ്ങൾ സൈനികമായി ഇടപെട്ടേക്കുമെന്ന് ജപ്പാൻ പ്രധാനമന്ത്രി സനേ തകായ്ചി സൂചിപ്പിച്ചു. തായ്വാൻ യുദ്ധത്തിൽ തങ്ങളും അനിവാര്യമായും വലിച്ചിഴയ്ക്കപ്പെടുമെന്ന് ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ്‌തെയുടെ പ്രസ്താവനകളെ ചൈന ശക്തമായി അപലപിച്ചു. അദ്ദേഹം ‘സമാധാനം തകർക്കുന്നവനും പ്രതിസന്ധികൾ സൃഷ്ടിക്കുന്നവനും’ ആണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. തായ്വാൻ ചൈനയുടെ ആഭ്യന്തര കാര്യമാണെന്നും വിദേശ ശക്തികളുടെ സഹായത്തോടെ സ്വാതന്ത്ര്യം നേടാനുള്ള ശ്രമം പരാജയപ്പെടുമെന്നും ചൈന ആവർത്തിച്ചു.



