ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ  തന്ത്രം മാറ്റി ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് (ജെ‌എം).  തങ്ങളുടെ ആദ്യ വനിതാ യൂണിറ്റ് ജമാഅത്ത്-ഉൽ-മോമിനാത്ത്’ എന്ന പേരിൽ  രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. ജെയ്‌ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസ്ഹറിന്റെ പേരിൽ പുറത്തിറക്കിയ കത്തിലൂടെയാണ് തീരുമാനം പരസ്യമാക്കിയത്. ഒക്ടോബർ 8 ന് ബഹവൽപൂരിൽ യൂണിറ്റിലേക്കുള്ള റിക്രൂട്ട്മെന്റ് ആരംഭിച്ചു.

മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹറായിരിക്കും ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗത്തെ നയിക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. മെയ് 7 ന് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട അസ്ഹറിന്റെ കുടുംബാംഗങ്ങളിൽ അവരുടെ ഭർത്താവ് യൂസഫ് അസ്ഹറും ഉൾപ്പെടുന്നു.

ബഹാവൽപൂർ, കറാച്ചി, മുസാഫറാബാദ്, കോട്‌ലി, ഹരിപൂർ, മൻസെഹ്‌റ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകളെയും അംഗങ്ങളുടെ ഭാര്യമാരെയും തീവ്രവാദ സംഘടന ചേർത്തിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.