ഇസ്ലാമാബാദ്: ഇന്ത്യ നടത്തിയ സിന്ദൂർ ഓപ്പറേഷനിൽ തകർന്ന ഭീകര കേന്ദ്രങ്ങൾ പുനർനിർമിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനുമായി പാകിസ്താൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ധനസമാഹരണ കാമ്പെയ്ൻ ആരംഭിച്ചതായി റിപ്പോർട്ട്. മേയ് ഏഴിന് നടന്ന ഓപ്പറേഷൻ സിന്ദൂറിൽ ജെയ്ഷെ മുഹമ്മദിന്റെ ഭീകര താവളങ്ങളിൽ പലതും തകർക്കപ്പെട്ടിരുന്നു. ഇത് പിന്നിട്ട് മാസങ്ങൾക്കു ശേഷമാണ് പരിശീലന ക്യാമ്പുകളുടെയും സുരക്ഷിത കേന്ദ്രങ്ങളുടെയും ശൃംഖല വികസിപ്പിക്കുന്നതിനായി ജെയ്ഷെ മുഹമ്മദ് ധനസമാഹരണ കാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നത്.
മേയ് ഏഴിന് സിന്ദൂർ ഓപ്പറേഷനിലൂടെ ഇന്ത്യൻ സൈന്യം പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ലോഞ്ച് പാഡുകൾ തകർത്തിരുന്നു. ആക്രമണത്തിൽ നൂറിലധികം തീവ്രവാദികൾ കൊല്ലപ്പെട്ടതായി ഇന്ത്യ അവകാശപ്പെട്ടിരുന്നു. ഏപ്രിൽ 22-ന് 26 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹൽഗാം ആക്രമണത്തിന് ഭീകരർക്കുള്ള ഇന്ത്യയുടെ മറുപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ.
പാകിസ്താനിലൂടനീളം 313 തീവ്രവാദ പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി 391 കോടി പാകിസ്താൻ രൂപ സമാഹരിക്കാൻ ലക്ഷ്യംവെച്ചാണ് സംഘടന കാമ്പെയ്ൻ ആരംഭിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനും കുടുംബത്തിനുമുള്ള സുരക്ഷിത ഒളിത്താവളങ്ങളായും പുതിയതായി ചേരുന്നവർക്കുള്ള പരിശീലന കേന്ദ്രങ്ങളായും ഈ സൗകര്യങ്ങൾ ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. സമീപകാലത്ത് ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ് മസൂദ് അസർ. ഇയാളും സഹോദരൻ തൽഹ അൽ സെയ്ഫും ചേർന്നാണ് കാമ്പെയ്നിനും പ്രചാരണത്തിനും നേതൃത്വം നൽകുന്നത്.
പരിശോധനകളിൽനിന്ന് രക്ഷപ്പെടാൻ ഈസിപൈസ, സാദാപേ തുടങ്ങിയ ഡിജിറ്റൽ വാലറ്റുകളാണ് ധനസമാഹരണത്തിനായി ജെയ്ഷെ മുഹമ്മദ് ഉപയോഗിക്കുന്നത്. അസറിന്റെ മകൻ അബ്ദുള്ള അസർ ഉൾപ്പെടെയുള്ള ബന്ധുക്കളുടെ മൊബൈൽ നമ്പറുകളുമായാണ് അക്കൗണ്ടുകൾ ബന്ധിപ്പിച്ചിരിക്കുന്നത്.
ഓൺലൈൻ വഴി മാത്രമല്ല എല്ലാ വെള്ളിയാഴ്ചകളിലും പള്ളികളിൽനിന്ന് ജെയ്ഷെ മുഹമ്മദ് കമാൻഡർമാർ സംഭാവനകൾ സ്വീകരിക്കുന്നുണ്ട്. ഗാസയിലെ ദുരിതബാധിതരെ സഹായിക്കുന്നതിനെന്ന് പറഞ്ഞാണ് ഈ സംഭാവനകൾ സ്വീകരിക്കുന്നതെന്നാണ് സംഘടന അവകാശപ്പെടുന്നത്. എന്നാൽ, ഈ പണം ജെയ്ഷെ മുഹമ്മദിന്റെ സ്വന്തം പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണെന്നാണ് റിപ്പോർട്ട്.