രണ്ട് വർഷങ്ങൾക്ക് ശേഷം ചിരിക്കുന്ന മുഖങ്ങളായിരുന്നു ഇസ്രയേലിൽ ഇന്നലെ കാണാൻ സാധിച്ചത്. 738 ദിവസങ്ങൾക്ക് ശേഷം, പ്രതീക്ഷയുടെ സമാധാനത്തിന്റെ ഒരു ഒക്ടോബർ 13- ആ ദിനം ഇസ്രയേലികൾ ഒരിക്കലും മറക്കില്ല. കണ്ണിൽ കണ്ണുനീരും ചുണ്ടിൽ പുഞ്ചിരിയും ഹൃദയത്തിൽ സന്തോഷവും ഒരുമിച്ചെത്തിയ ദിവസം. ഉറ്റവരെ കണ്ട ഓരോരുത്തർക്കും പുതുജീവൻ ലഭിച്ച കാഴ്ചകൾ. ആ കാഴ്ചകളിൽ ഏറ്റവും ഹൃദ്യമായിരുന്നു മോചിതനായ മകൻ മതൻ സാംഗൗക്കറിനെ കണ്ട അമ്മ എയ്‌നാവിന്റെ സന്തോഷം..
25കാരനായ മകനെ ഇനി കാണുമോ എന്ന് പോലും ഉറപ്പില്ലാത്ത നാളുകളിൽ നിന്നുമാണ് അമ്മ എയ്നാവ് ഇന്നലെ മകന്റെ മുഖം കണ്ടത്. “നീയാണ് എൻ്റെ ജീവൻ, എൻ്റെ ഹീറോ,” സന്തോഷം അടക്കാനാവാതെ മകനെ വാരിപ്പുണർന്ന് അവർ മന്ത്രിച്ചു.
മതൻ്റെ മോചനത്തിനായി തീവ്രമായി പോരാടിയ എയ്‌നാവാന് ഒടുവിൽ ലഭിച്ച ആ സന്തോഷത്തിന്റെ നിമിഷങ്ങൾ ടെൽ അവീവിലെ ‘ബന്ദികളുടെ സ്ക്വയറിൽ’ തടിച്ചുകൂടിയ ആയിരങ്ങൾ വലിയ സ്ക്രീനിലൂടെ കണ്ടു. ഉറ്റവരെ തിരികെ കിട്ടയ ഓരോരരുത്തരുടെയും സന്തോഷം സ്വന്തം സന്തോഷമായി അവർ കണ്ടു നിന്നവർ പോലും ആഘോഷിച്ചു. ആർത്തുല്ലസിച്ചുകൊണ്ട് അഭിമാനത്തോടെ ഇസ്രായേൽ പതാകകൾ അവർ ആകാശത്തേക്ക് വീശി.
“രണ്ടു വർഷത്തെ നരകയാതനകൾക്കുശേഷം ഇന്ന് ഞങ്ങൾ ജീവിതത്തിന്റെ പുതിയ ഒരദ്ധ്യായം തുടങ്ങുകയാണ്; സൗഖ്യത്തിൻ്റെയും പുനരധിവാസത്തിൻ്റെയും അദ്ധ്യായം,” മതൻ്റെ കുടുംബം പ്രതികരിച്ചു. തുരങ്കത്തിലെ ദുരിത ജീവിതത്തിൻ്റെ വീഡിയോ പുറത്തുവന്ന എവ്യതാർ ഡേവിഡിന്റെ (24) കുടുംബവും പറഞ്ഞത്, “ഇത്രയും കാലത്തെ കഷ്ടപ്പാടിനു ശേഷം അവൻ ഇവിടെയുണ്ട്. ഇപ്പോൾ ഞങ്ങൾക്ക് അവനോടൊപ്പം ഒരു പുതിയ സൗഖ്യയാത്ര തുടങ്ങണം,” എന്നാണ്.
യുദ്ധത്തിന്റെ ഇരുൾ വീണ ദിനങ്ങളിൽ നിന്നും നെഞ്ചിലേറ്റിയ പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്കൊടുവിൽ ഉള്ളിലെ നോവ് ആനന്ദാശ്രുക്കളായി ഇസ്രായേലിൽ പെയ്തിറങ്ങുകയായിരുന്നു ഇന്നലെ. 2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിനിടെ തടവിലാക്കപ്പെട്ട 20 ഇസ്രായേലി ബന്ദികൾ രണ്ടു വർഷത്തെ ദുരിത ജീവിതത്തിനൊടുവിൽ മോചിതരായി. ട്രംപിന്റെ സമാധാന കരാറിൻ്റെ ഫലമായി നടന്ന ഈ മോചനം, ഒരു ജനതയുടെ മൊത്തം വേദനയുടെയും പ്രതീക്ഷയുടെയും പൂർത്തീകരണമായിരുന്നു. ഇനി ഇത്തരമൊരു കൂരിരുൾ വീണ ദിനങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്ന പ്രത്യാശയോടെ നമുക്ക് ജീവിക്കാം.