യു.എസ് പ്രസിഡന്റ് കാലാവധി പൂര്‍ത്തിയായാല്‍ ഇസ്രയേലിലേക്ക് കുടിയേറി അവിടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍ ജനതയ്ക്കിടയില്‍ തനിക്ക് 99 ശതമാനം ജനപ്രീതിയുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ട്രംപിന്റെ ഈ അസാധാരണ പ്രതികരണം. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇസ്രയേലില്‍ നിലവില്‍ എനിക്ക് 99 ശതമാനം പിന്തുണയുണ്ട്. ഇന്ന് രാവിലെ ലഭിച്ച ഒരു സര്‍വേ ഫലത്തിലും ഇതാണ് വ്യക്തമാകുന്നത്. അതുകൊണ്ട് യുഎസ് പ്രസിഡന്റ് കാലാവധി കഴിഞ്ഞാല്‍ ഞാന്‍ ഇസ്രയേലിലേക്ക് പോയി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ചേക്കാം,’- ട്രംപ് പറഞ്ഞു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള തന്റെ അടുത്ത ബന്ധത്തെക്കുറിച്ചും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പരാമര്‍ശിച്ചു. നെതന്യാഹു താന്‍ പറയുന്നത് എന്തും അനുസരിക്കുമെന്നും എന്നാല്‍ ഇസ്രയേലില്‍ അദ്ദേഹത്തിന് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

അതേസമയം ഇറാനുമായി ഒരു സമാധാന കരാറിലെത്താന്‍ തനിക്ക് യാതൊരു ധൃതിയുമില്ലെന്ന് ട്രംപ് വ്യക്തമാക്കി. സൈനിക ആക്രമണങ്ങളില്‍ ആളപായം പരമാവധി കുറയ്ക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ശാശ്വത സമാധാനത്തിനായുള്ള ചര്‍ച്ചകള്‍ സ്തംഭിച്ച പശ്ചാത്തലത്തില്‍, ഇറാനെതിരെ മറ്റൊരു വലിയ തിരിച്ചടി ഉണ്ടായേക്കാമെന്ന മുന്നറിയിപ്പും യുഎസ് പ്രസിഡന്റ് നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവനകള്‍.