ഇറാനുമായുള്ള യുദ്ധത്തിൽ പശ്ചിമ ഇറാഖിലെ വിജനമായ മരുഭൂമി ഇസ്രായേൽ തങ്ങളുടെ രഹസ്യ താവളമാക്കി മാറ്റിയിരുന്നതായി റിപ്പോർട്ട്. ഇറാന്റെ ഉള്ളിലേക്ക് നടത്തുന്ന വ്യോമാക്രമണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും പ്രത്യേക സേനാ നീക്കങ്ങൾക്കുമായി ഇസ്രായേൽ ഈ കേന്ദ്രം ഉപയോഗിച്ചിരുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഒരു പ്രാദേശിക ആട്ടിടയൻ നൽകിയ സൂചനയെത്തുടർന്ന് ഇറാഖ് സൈന്യം നടത്തിയ അന്വേഷണമാണ് അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ താവളത്തിന്റെ വിവരം പുറത്തുകൊണ്ടുവന്നത്.

മാർച്ച് ആദ്യവാരത്തിലാണ് ഈ രഹസ്യ ഓപ്പറേഷൻ ഏതാണ്ട് വെളിപ്പെട്ടത്. സംശയാസ്പദമായ സൈനിക നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇറാഖ് സൈന്യം ഈ മേഖലയിലേക്ക് നീങ്ങിയെങ്കിലും ഇസ്രായേൽ വ്യോമാക്രമണത്തിലൂടെ അവരെ തടയുകയായിരുന്നു. താവളം കണ്ടെത്തുന്നത് ഒഴിവാക്കാനാണ് ഇറാഖ് സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്.