ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിര്‍ത്തല്‍ 45 ദിവസത്തേക്ക് കൂടി നീട്ടിയതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. അമേരിക്കയുടെ മധ്യസ്ഥതയില്‍ വാഷിംഗ്ടണില്‍ നടന്ന മൂന്നാം ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് സുപ്രധാന തീരുമാനം. ഏപ്രില്‍ 16 ന് നിലവില്‍ വന്ന താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറാണ് സമാധാന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം നല്‍കുന്നതിനായി 45 ദിവസത്തേക്ക് കൂടി നീട്ടിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ ജൂണ്‍ 2, 3 തീയതികളില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ പുനരാരംഭിക്കും. ആദ്യമായി ഇരുരാജ്യങ്ങളുടെയും സൈനിക പ്രതിനിധികള്‍ പങ്കെടുക്കുന്ന സുരക്ഷാ ചര്‍ച്ചകള്‍ മെയ് 29-ന് പെന്റഗണില്‍ ആരംഭിക്കും. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശാശ്വതമായ സമാധാനം ഉറപ്പാക്കുക. പരസ്പര പരമാധികാരവും അതിര്‍ത്തികളും അംഗീകരിക്കുക, ഇരുരാജ്യങ്ങളുടെയും പങ്കിട്ട അതിര്‍ത്തികളില്‍ യഥാര്‍ത്ഥ സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് വ്യക്തമാക്കിയതനുസരിച്ച് ചര്‍ച്ചകളുടെ പ്രധാന ലക്ഷ്യങ്ങള്‍.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ദക്ഷിണ ലബനനില്‍ ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ ഇപ്പോഴും ഒറ്റപ്പെട്ട ഏറ്റുമുട്ടലുകളും ആക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നിരുന്നാലും സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഇരുപക്ഷത്തിന്റെയും തീരുമാനം.