പശ്ചിമേഷ്യയില്‍ സമാധാന ഉടമ്പടി ഒപ്പുവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം മേഖലയെ വീണ്ടും യുദ്ധപ്രതീതിയിലാക്കുന്നു. ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം വച്ചുപൊറുപ്പിക്കില്ലെന്നും ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ പിന്തുണയുള്ള ലബനീസ് സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയെ ലക്ഷ്യമിട്ടായിരുന്നു തങ്ങളുടെ ആക്രമണമെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ പ്രകോപനം വരും ദിവസങ്ങളില്‍ സമാധാന ചര്‍ച്ചകളെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ഇസ്രായേല്‍ നടത്തിയ പുതിയ ആക്രമണത്തോടെ അമേരിക്കയുടെ സമാധാന ശ്രമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയാണെന്ന് ഇറാന്റെ മുഖ്യ ചര്‍ച്ചാ പ്രതിനിധിയും പാര്‍ലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ് ആരോപിച്ചു. തങ്ങള്‍ നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ഒന്നുകില്‍ അമേരിക്കയ്ക്ക് താല്പര്യമില്ല, അല്ലെങ്കില്‍ അതിനുള്ള ശേഷിയില്ല എന്നാണ് ഇസ്രായേലിന്റെ ഈ ആക്രമണം തെളിയിക്കുന്നതെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കാത്ത പക്ഷം, നിലവിലെ സമാധാന ചര്‍ച്ചകളുമായി മുന്നോട്ട് പോകുന്നത് അസാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലബനന്‍ തലസ്ഥാനത്ത് ഇസ്രായേല്‍ നടത്തുന്ന ക്രൂരതകള്‍ക്ക് കൃത്യമായ മറുപടി നല്‍കുമെന്ന് ഇറാന്റെ പരമോന്നത സംയുക്ത സൈനിക കമാന്‍ഡായ ഖാതമേ അല്‍ അന്‍ബിയ കേന്ദ്ര ആസ്ഥാനത്തെ ഡെപ്യൂട്ടി കമാന്‍ഡര്‍ വ്യക്തമാക്കി. ഈ ആക്രമണങ്ങള്‍ ഒരിക്കലും ഉത്തരമില്ലാതെ പോകില്ലെന്നും ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയും ഇറാനും തമ്മിലുള്ള നിര്‍ണായക സമാധാന കരാര്‍ ഇന്നേക്ക് ഒപ്പുവെക്കുമെന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, ലബനനിലെ ഇസ്രായേല്‍ ആക്രമണങ്ങള്‍ കരാറിന്റെ ഭാവി പ്രതിസന്ധിയിലാക്കുകയാണ്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാതെ ചര്‍ച്ചകള്‍ പൂര്‍ണ്ണമാകില്ലെന്ന നിലപാടിലാണ് ഇറാന്‍.



