പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ, ശത്രുക്കളുടെ റോക്കറ്റുകളെയും ഡ്രോണുകളെയും തകർക്കാൻ അത്യാധുനിക ലേസർ പ്രതിരോധ സംവിധാനമായ ‘അയൺ ബീം’ ഇസ്രായേൽ ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ. ഹിസ്ബുള്ള വിക്ഷേപിച്ച റോക്കറ്റുകൾ ആകാശത്തുവെച്ച് പെട്ടെന്ന് അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ്, ഇസ്രായേൽ തങ്ങളുടെ ഈ രഹസ്യ ആയുധം പ്രയോഗിച്ചു തുടങ്ങിയെന്ന വാർത്തകൾക്ക് ബലമേറിയത്.
ഇസ്രായേലിലെ ‘റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ്’ വികസിപ്പിച്ചെടുത്ത ഈ സംവിധാനം മിസൈലുകൾക്ക് പകരം അതിശക്തമായ ലേസർ രശ്മികളാണ് ഉപയോഗിക്കുന്നത്. ആകാശത്തുവെച്ച് ലക്ഷ്യസ്ഥാനത്തെ ചൂടാക്കി കരിച്ചുകളയുകയാണ് ഇതിന്റെ രീതി.
നിലവിൽ ഇസ്രായേലിനുള്ള അയൺ ഡോം (Iron Dome), ഡേവിഡ്‌സ് സ്ലിംഗ് തുടങ്ങിയ സംവിധാനങ്ങൾ മിസൈലുകൾ ഉപയോഗിച്ചാണ് ശത്രുക്കളെ തകർക്കുന്നത്. എന്നാൽ ഇവയിൽ നിന്ന് അയൺ ബീമിനെ വ്യത്യസ്തമാക്കുന്നത് താഴെ പറയുന്ന ഘടകങ്ങളാണ്:
ഒരു അയൺ ഡോം മിസൈൽ വിക്ഷേപിക്കാൻ ലക്ഷക്കണക്കിന് രൂപ ചെലവാകുമ്പോൾ, ഒരു ലേസർ ഷോട്ടിന് വെറും 250 മുതൽ 850 രൂപ വരെ (3 – 10 ഡോളർ) മാത്രമേ ചെലവ് വരുന്നുള്ളൂ. ചിലപ്പോൾ ഇത് അതിലും കുറയാം.
പരിധിയില്ലാത്ത വെടിമരുന്ന്: മിസൈലുകൾ തീരുന്നതനുസരിച്ച് വീണ്ടും നിറയ്ക്കേണ്ടി വരുമെങ്കിൽ, ലേസർ സംവിധാനത്തിന് വൈദ്യുതി ഉണ്ടെങ്കിൽ എത്ര തവണ വേണമെങ്കിലും വെടിയുതിർക്കാം.
ലക്ഷ്യം തെറ്റില്ല: ഡ്രോണുകൾ, ചെറിയ റോക്കറ്റുകൾ എന്നിവയെ വളരെ കൃത്യതയോടെ തകർക്കാൻ ഇതിന് സാധിക്കും.
എങ്കിലും അയൺ ബീമിന് ചില പോരായ്മകളുമുണ്ട്. കിലോമീറ്ററുകളോളം ദൂരെയുള്ള വലിയ മിസൈലുകളെ തകർക്കാൻ ഇതിന് കഴിയില്ല. കൂടാതെ മഴയോ മേഘാവൃതമായ കാലാവസ്ഥയോ ഉണ്ടെങ്കിൽ ലേസറിന്റെ കരുത്ത് കുറയാൻ സാധ്യതയുണ്ട്. ലേസർ ആയുധങ്ങളുടെ നിർമ്മാണത്തിൽ ഇസ്രായേൽ മാത്രമല്ല മുന്നിലുള്ളത്. അമേരിക്ക, ചൈന, റഷ്യ, ജപ്പാൻ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളും ഇത്തരം ആയുധങ്ങൾ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. ഭാവിയിലെ യുദ്ധങ്ങളിൽ ഡ്രോണുകളുടെ ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ, കുറഞ്ഞ ചെലവിൽ പ്രതിരോധം തീർക്കാൻ ലേസർ ആയുധങ്ങൾ അനിവാര്യമാണെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.



