അമേരിക്കയെയും ഇസ്രായേലിനെയും പിന്തുണയ്ക്കുന്ന വിദേശത്ത് താമസിക്കുന്ന ഇറാൻ പൗരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ഇറാന്റെ പ്രോസിക്യൂട്ടർ ജനറൽ ഓഫീസ് മുന്നറിയിപ്പ് നൽകി. നിലവിൽ ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കർശന നടപടി. ഭരണമാറ്റം ആഗ്രഹിക്കുന്ന ചില പ്രവാസി ഇറാനികൾ യൂറോപ്പിലും അമേരിക്കയിലും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് തെരുവിലിറങ്ങിയത് ഇറാൻ ഭരണകൂടത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഫെബ്രുവരി 28-ന് ആരംഭിച്ച സൈനിക നീക്കത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്ന്, അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി ഇറാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ-സയണിസ്റ്റ് ശത്രുക്കളോട് സഹകരിക്കുകയോ അവരെ പിന്തുണയ്ക്കുകയോ ചെയ്യുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ ശത്രുക്കളെ പിന്തുണയ്ക്കുന്ന പ്രവാസികളുടെ ഇറാനിലുള്ള എല്ലാ സ്വത്തുവകകളും സർക്കാർ ഏറ്റെടുക്കും.ഭരണകൂടത്തെ വിമർശിക്കുന്ന പ്രമുഖരായ പ്രവാസികളുടെ വിവരങ്ങൾ ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി അധികൃതർ ശേഖരിക്കുന്നുണ്ട്- ഓഫീസ് മുന്നറിയിപ്പ് നൽകി. ഏകദേശം 50 ലക്ഷം മുതൽ ഒരു കോടി വരെ ഇറാനികൾ വിദേശ രാജ്യങ്ങളിൽ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിഭാഗവും അമേരിക്കയിലും പടിഞ്ഞാറൻ യൂറോപ്പിലുമാണ്.



