ഇറാനിലെ നിലവിലെ ഭരണകൂടം ഉടനെങ്ങും തകരാൻ സാധ്യതയില്ലെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാഴ്ചയായി തുടരുന്ന കനത്ത വ്യോമാക്രമണങ്ങൾക്കും ഉപരോധങ്ങൾക്കും ഇടയിലും ഇറാന്റെ നേതൃത്വം ഇപ്പോഴും സുരക്ഷിതമാണെന്നാണ് വിലയിരുത്തൽ. ഇറാനിലെ പൊതുജനങ്ങളെ നിയന്ത്രിക്കാനുള്ള ശേഷി അവിടുത്തെ ഭരണകൂടത്തിന് ഇപ്പോഴുമുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

യുഎസും ഇസ്രായേലും സംയുക്തമായി നടത്തുന്ന സൈനിക നടപടികൾ ഇറാനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. എന്നാൽ ഈ നീക്കങ്ങൾ ഭരണമാറ്റത്തിലേക്ക് നയിക്കുമെന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാൻ സാധിക്കില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇറാന്റെ പക്കലുള്ള അത്യാധുനിക മിസൈലുകളും സായുധ സംഘങ്ങളും ഇസ്രായേലിനും യുഎസ് താവളങ്ങൾക്കും ഇപ്പോഴും ഭീഷണിയാണ്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള സംഘർഷം ഉടൻ അവസാനിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എന്നാൽ പീറ്റർ ഹെഗ്‌സെത്തിന്റെ നേതൃത്വത്തിലുള്ള യുഎസ് പ്രതിരോധ വകുപ്പ് ആക്രമണം കൂടുതൽ ശക്തമാക്കാനാണ് നീക്കം നടത്തുന്നത്. ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ വിക്ഷേപണ തറകളും ലക്ഷ്യമിട്ടാണ് നിലവിൽ ആക്രമണം തുടരുന്നത്.