ടെഹ്റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിൽ ഇറാനിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ രാജ്യത്ത് 1230 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ ഏഴാം ദിവസമാണ് സംഘർഷം തുടരുന്നത്. ഇരു രാജ്യങ്ങളും തിരിച്ചടികളുമായി മുന്നോട്ട് പോവുകയാണ്. അതേസമയം, മിനാബിലെ സ്കൂളിൽ 165 കുരുന്നുകളുടെ ജീവനെടുത്ത ആക്രമണം നടത്തിയത് അമേരിക്കയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇറാനിനെതിരെ ശക്തമായ ആക്രമണം തുടരുമെന്നാണ് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കുന്നത്. എന്നാൽ ഇസ്രയേലും അമേരിക്കയും കരയുദ്ധം നടത്തിയാലും നേരിടുമെന്നാണ് ഇറാൻ്റെ മറുപടി. ഗൾഫ് മേഖലയിലും ഇസ്രയേലിലും ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണം തുടരുകയാണ്.
ഇറാന്റെ യുദ്ധകപ്പൽ മുക്കിയ സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ
ശ്രീലങ്കൻ തീരത്ത് വെച്ച് യുഎസിന്റെ ആണവ അന്തര്‍വാഹിനി ടോര്‍പിഡോ ആക്രമണത്തിൽ ഇറാന്റെ യുദ്ധകപ്പൽ മുക്കിയ സംഭവത്തിൽ ആദ്യ പ്രതികരണവുമായി ഇന്ത്യ. ഇന്ത്യയും രക്ഷാപ്രവര്‍ത്തനത്തിന് നടപടി തുടങ്ങിയിരുന്നുവെന്ന് നാവികസേന വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു. ശ്രീലങ്കൻ നേവിയിൽ നിന്ന് വിവരം ലഭിച്ച ഉടനെ ഹെലികോപ്ടറുകളും കപ്പലുകളും അയച്ചിരുന്നുവെന്നും ഇന്ത്യൻ കപ്പലുകൾ എത്തിയപ്പോഴേക്കും ശ്രീലങ്കൻ സേന രക്ഷാപ്രവർത്തനം നടത്തിയെന്നും നാവികസേന വ്യക്തമാക്കി. ഇവർക്ക് വേണ്ട മറ്റു സഹായങ്ങൾ നാവികസേന നൽകി. കൊച്ചിയിൽ നിന്ന് ഐഎൻഎസ് ഇക്ഷക് കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി സംഭവ നടന്ന സ്ഥലത്തെത്തി. മറ്റു നടപടികൾ പുരോഗമിക്കുകയാണെന്നും നാവികസേന വ്യക്തമാക്കി. ഇറാന്റെ കപ്പൽ ആക്രമിച്ച സംഭവത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആദ്യ പ്രതികരണമാണിത്.



