വാഷിംഗ്ടണ്‍: പാക് മധ്യസ്ഥതയിലുള്ള യുഎസ്-ഇറാന്‍ സമാധാന ചര്‍ച്ചാശ്രമത്തിന് പ്രസിഡന്റ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, പശ്ചിമേഷ്യയിലേക്ക് അമേരിക്ക രണ്ടായിരം കരസൈനികരെ കൂടി അയക്കുന്നു. 82-ാം എയര്‍ബോണ്‍ ഡിവിഷനെ വിന്യസിപ്പിക്കാനാണ് പെന്റഗണ്‍ ഉത്തരവിട്ടത്. രണ്ട് ദിവസത്തിനകം ഇവര്‍ പശ്ചിമേഷ്യയില്‍ എത്തും. ഇതോടെ മേഖലയില്‍ പുതുതായി എത്തിയ കരസൈനികരുടെ എണ്ണം ഏഴായിരമായി. യുദ്ധത്തിന് മുന്നോടിയായി വിവിധ താവളങ്ങളില്‍ വിന്യസിപ്പിച്ച അമ്പതിനായിരം അമേരിക്കന്‍ സൈനികര്‍ക്ക് പുറമേയാണിത്. അമേരിക്ക കരയുദ്ധത്തിന് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കരസൈനികരുടെ പുതിയ വിന്യാസം.

ചര്‍ച്ചകള്‍ക്ക് പാക്കിസ്താന്‍ മധ്യസ്ഥത വഹിക്കാമെന്ന പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ട്രംപ് പങ്കുവെച്ചിരുന്നു. അമേരിക്ക തയ്യാറാക്കിയ 15 ഇന സമാധാന പദ്ധതി പാകിസ്ഥാന്‍ ഇറാന് കൈമാറിയതായും വിവരമുണ്ട്. എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്താനുള്ള നിര്‍ദേശം ഇറാന്‍ സ്വീകരിക്കുമോ എന്ന കാര്യത്തിലോ, ഇസ്രായേല്‍ അതിനെ പിന്തുണയ്ക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ നേരത്തൈ ഇറാന്‍ പരസ്യമായി നിഷേധിച്ചിരുന്നു. ആക്രമണം അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞതിനു ശേഷവും ഇസ്രായേല്‍ ടെഹ്റാനിലെ സര്‍ക്കാര്‍ സംവിധാനങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ തുടരുന്നുണ്ട്. ഇറാനും ആക്രമണം തുടരുന്നുണ്ട്.

അതിനിടെ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ചൊവ്വാഴ്ച ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. സമാധാനത്തിനുള്ള അവസരങ്ങള്‍ എല്ലാ കക്ഷികളും പ്രയോജനപ്പെടുത്തുമെന്നും ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാന്റെ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യവും ഇറാന്റെ ദീര്‍ഘകാല സഖ്യകക്ഷിയുമാണ് ചൈന