ഇറാനെതിരായ അമേരിക്കയുടെയും ഇസ്റാഈലിന്റെയും യുദ്ധത്തിന് ന്യായീകരണമില്ലെന്ന് റഷ്യ. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്നതിന് യാതൊരു തെളിവുമില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് (Sergey Lavrov) വ്യക്തമാക്കി. മോസ്കോയിൽ ബ്രൂണെ വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്നതിന് ഞങ്ങൾക്കിതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല. ഈ യുദ്ധത്തിന് അമേരിക്കയും ഇസ്റാഈലും നൽകുന്ന പ്രധാനപ്പെട്ട, അല്ലെങ്കിൽ ഏക ന്യായീകരണം ഇതാണ്. എന്നാൽ അത് അടിസ്ഥാനരഹിതമാണ്’ ലാവ്റോവ് പറഞ്ഞു. ഇറാന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുദ്ധം ഇറാനെ മാത്രമല്ല, പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്. ആക്രമണങ്ങളുടെ പ്രത്യാഘാതം മേഖലയിലുടനീളം അനുഭവപ്പെടുന്നു. അറബ് രാജ്യങ്ങൾ വലിയ സാമ്പത്തിക ബാധ്യതയും നാശനഷ്ടങ്ങളും നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സംഘർഷം അയൽരാജ്യങ്ങളെയും സ്വന്തം സുരക്ഷയ്ക്കായി ആണവായുധം തേടാൻ പ്രേരിപ്പിക്കുമെന്നും, ഇത് മേഖലയെ വലിയ അപകടത്തിലേക്ക് തള്ളിവിടുമെന്നും ലാവ്റോവ് മുന്നറിയിപ്പ് നൽകി.