വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ വരും ദിവസങ്ങൾ അതീവ നിർണ്ണായകമാണെന്നും ശത്രുവിനെ തുരത്താൻ അമേരിക്കൻ കരസേനയെ നേരിട്ട് യുദ്ധഭൂമിയിലിറക്കുന്ന കാര്യം തള്ളിക്കളയാനാവില്ലെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഹെഗ്‌സെത്ത് അമേരിക്കയുടെ ശക്തമായ നിലപാട് വെളിപ്പെടുത്തിയത്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ സജീവമാണെങ്കിലും സൈനിക നീക്കങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് പെന്‍റഗൺ നൽകുന്നത്.

ഇറാനെതിരെ സ്വീകരിക്കാൻ പോകുന്ന സൈനിക തന്ത്രങ്ങൾ മുൻകൂട്ടി വെളിപ്പെടുത്താൻ കഴിയില്ലെന്നും കരസേനയെ വിന്യസിക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകുന്നത് ശത്രുവിനെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരു യുദ്ധത്തിൽ ജയിക്കണമെങ്കിൽ നമ്മൾ എന്ത് ചെയ്യും, എന്ത് ചെയ്യില്ല എന്ന് ശത്രുവിനോട് മുൻകൂട്ടി പറയരുത്. ആവശ്യമെങ്കിൽ പ്രസിഡന്‍റിന് വേണ്ടി ഏത് ഓപ്ഷനും നടപ്പിലാക്കാൻ പ്രതിരോധ വകുപ്പ് സജ്ജമാണ്,” ഹെഗ്‌സെത്ത് കൂട്ടിച്ചേർത്തു. കഴിഞ്ഞ ശനിയാഴ്ച മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ താൻ രഹസ്യ സന്ദർശനം നടത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാൽ സന്ദർശനം നടത്തിയ സ്ഥലങ്ങളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

യുഎസ് സൈനിക മേധാവി ജനറൽ ഡാൻ കെയ്‌നും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ഒരു മാസമായി തുടരുന്ന സൈനിക നീക്കത്തിലൂടെ ഇറാന്‍റെ 11,000 ലക്ഷ്യസ്ഥാനങ്ങൾ തകർത്തതായി അദ്ദേഹം അവകാശപ്പെട്ടു. ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ സംവിധാനങ്ങൾ, ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ, ലോജിസ്റ്റിക് ശൃംഖലകൾ എന്നിവ തകർക്കുന്നതിലാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇറാന്‍റെ നാവികസേനയ്ക്ക് മേൽ അമേരിക്കൻ സൈന്യം ആധിപത്യം സ്ഥാപിച്ചതായും കടലിൽ മൈനുകൾ വിന്യസിക്കാനുള്ള അവരുടെ ശേഷി ഇല്ലാതാക്കിയതായും ജനറൽ കെയ്ൻ വ്യക്തമാക്കി. സൈനിക നടപടികൾ തുടരുമ്പോഴും സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്നുണ്ടെന്നും ഇത് വരും ദിവസങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുമെന്നുമാണ് പെന്റഗണിന്റെ വിലയിരുത്തൽ.