ഇറാൻ്റെ ഭരണനേതൃത്വത്തിൽ കടുത്ത ഭിന്നതയുണ്ടെന്ന അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ വാദങ്ങൾ തള്ളി ഇറാൻ പ്രസിഡൻ്റ് എം പേഷെഷ്കിയനും പാർലമെൻ്റ് സ്പീക്കർ എം ബി ഖാലിബാഫും രംഗത്തെത്തി. ഇറാനിൽ തീവ്രവാദികളോ മിതവാദികളോ ഇല്ലെന്നും രാജ്യം ‘ഉരുക്ക് ഐക്യ’ത്തോടെ (Iron Unity) നിൽക്കുകയാണെന്നും ഇരുവരും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെ അമേരിക്കൻ പ്രസിഡൻ്റ് ട്രംപ് നടത്തിയ പരിഹാസത്തിന് മണിക്കൂറുകൾക്കകമാണ് ഇറാൻ്റെ മറുപടി.
ഇറാൻ ഭരണകൂടത്തിനുള്ളിൽ അധികാര തർക്കം രൂക്ഷമാണെന്നും ആരാണ് തങ്ങളുടെ നേതാവെന്ന് കണ്ടെത്താൻ അവർക്ക് കഴിയുന്നില്ലെന്നുമായിരുന്നു അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ പരിഹാസം. ‘മിതവാദികളും ഹാർഡ്‌ലൈനർമാരും തമ്മിൽ ഭ്രാന്തമായ രീതിയിൽ അവിടെ വഴക്കിടുകയാണ്. അവർക്ക് തങ്ങളുടെ നേതാവ് ആരെന്നുപോലും അറിയില്ല’ എന്ന് അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. ഇറാൻ്റെ നേതൃത്വത്തിൽ വലിയ തോതിൽ ചേരിതിരിവുണ്ടെന്ന അമേരിക്കൻ പ്രസിഡൻ്റ് ട്രംപിൻ്റെ അവകാശവാദത്തെ ഇറാൻ പൂർണ്ണമായും നിഷേധിച്ചു.
ഇറാനിൽ എല്ലാവരും വിപ്ലവകാരികളാണെന്നും ജനങ്ങളും ഗവൺമെൻ്റും സുപ്രീം നേതാവിന് കീഴിൽ പൂർണ്ണമായ അനുസരണയോടെയാണ് പ്രവർത്തിക്കുന്നതെന്നും എം പേഷെഷ്കിയനും എം ബി ഖാലിബാഫും പറഞ്ഞു. ആക്രമണകാരിയായ കുറ്റവാളിയെ തങ്ങളുടെ പ്രവൃത്തികളിൽ പശ്ചാത്തപിപ്പിക്കുമെന്നും ഇറാൻ്റെ പരമാധികാരത്തിന് നേരെ വരുന്ന നീക്കങ്ങളെ ഉരുക്കുമുഷ്ടിയാൽ നേരിടുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. വിദേശ വെല്ലുവിളികൾ നേരിടുമ്പോൾ ഇറാൻ ഒറ്റക്കെട്ടായി നിലനിൽക്കുമെന്ന സന്ദേശമാണ് ഈ സംയുക്ത നീക്കത്തിലൂടെ ടെഹ്‌റാൻ നൽകുന്നത്.



