ഇറാൻ ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്ന പ്രക്ഷോഭകർക്ക് ആയുധങ്ങൾ എത്തിക്കാൻ അമേരിക്ക ശ്രമിച്ചുവെന്ന സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. പ്രക്ഷോഭകർക്ക് സ്വയം പ്രതിരോധത്തിനായി ആയുധങ്ങൾ നൽകാൻ താൻ നിർദ്ദേശം നൽകിയിരുന്നുവെന്നും എന്നാൽ അവ വഴിതിരിച്ചുവിടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇറാനിലെ ജനങ്ങളുടെ പോരാട്ടത്തിന് കരുത്തുപകരാനാണ് അമേരിക്ക ഇത്തരമൊരു നീക്കം നടത്തിയത്. എന്നാൽ അയക്കപ്പെട്ട ആയുധങ്ങൾ കൃത്യമായ കൈകളിൽ എത്തിച്ചേർന്നില്ലെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഈ ആയുധങ്ങൾ എങ്ങോട്ടാണ് പോയതെന്നോ ആരുടെ പക്കലാണ് എത്തിയതെന്നോ ഉള്ള കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിിച്ചേർത്തു.

ഇറാൻ ഭരണകൂടം ജനങ്ങളെ അടിച്ചമർത്തുന്ന രീതി അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് വൈറ്റ് ഹൗസ്. പ്രക്ഷോഭകാരികളെ സഹായിക്കാനുള്ള അമേരിക്കയുടെ ശ്രമം പരാജയപ്പെട്ടത് ഗൗരവകരമായ കാര്യമായാണ് കാണുന്നത്. ആയുധങ്ങൾ വഴിതിരിച്ചുവിട്ടതിന് പിന്നിൽ ഏതെങ്കിലും ഏജൻസികളോ വിദേശ ശക്തികളോ ഉണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഇറാനിലെ തന്ത്രപ്രധാനമായ പവർ പ്ലാൻ്റുകൾക്ക് ചുറ്റും യുവാക്കളെ അണിനിരത്തി മനുഷ്യമതിൽ തീർക്കാനുള്ള നീക്കത്തെയും ട്രംപ് വിമർശിച്ചു. സ്വന്തം ജനങ്ങളെ കവചമായി ഉപയോഗിക്കുന്നത് ഭീരുത്വമാണെന്ന് അദ്ദേഹം പറഞ്ഞു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ വെളിപ്പെടുത്തൽ ഇറാൻ ഭരണകൂടത്തെ കൂടുതൽ ചൊടിപ്പിച്ചിട്ടുണ്ട്.