ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം അക്രമാസക്തമായ രീതിയിൽ തുടരുകയാണ്. പ്രതിഷേധക്കാർക്ക് നേരെ സർക്കാർ നടത്തുന്ന അടിച്ചമർത്തലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,600 ലേക്ക് അടുക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മനുഷ്യാവകാശ സംഘടനയായ എച്ച്ആർഎഎൻഎ ആണ് ഈ ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്തുവിട്ടത്.

കൊല്ലപ്പെട്ടവരിൽ 2,403 പേർ പ്രതിഷേധക്കാരാണെന്നും 147 പേർ സുരക്ഷാ സേനാംഗങ്ങളാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരിൽ പന്ത്രണ്ട് കുട്ടികളും ഉൾപ്പെടുന്നു എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർധിപ്പിക്കുന്നു. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകൾക്കിടയിൽ ഇറാൻ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ രക്തച്ചൊരിച്ചിലായാണ് ഇതിനെ കണക്കാക്കുന്നത്.

ഡിസംബർ അവസാന വാരത്തിലാണ് ഇറാനിൽ വിലക്കയറ്റത്തിനും സാമ്പത്തിക തകർച്ചയ്ക്കുമെതിരെ പ്രതിഷേധം തുടങ്ങിയത്. പിന്നീട് ഇത് രാജ്യവ്യാപകമായ പ്രക്ഷോഭമായി മാറുകയായിരുന്നു. പ്രതിഷേധം അടിച്ചമർത്താൻ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും വിച്ഛേദിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഇറാനിലെ സ്ഥിതിഗതികളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ശക്തമായ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാരെ വധശിക്ഷയ്ക്ക് വിധേയമാക്കിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനിലെ ജനങ്ങൾക്ക് സഹായം ഉടൻ എത്തുമെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.

പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഇറാൻ ഭരണകൂടം വ്യാപകമായ അറസ്റ്റുകളാണ് നടത്തുന്നത്. ഏകദേശം പതിനെണ്ണായിരത്തിലധികം ആളുകൾ ഇതിനോടകം തടവിലാക്കപ്പെട്ടതായാണ് വിവരം. അറസ്റ്റിലായവർക്ക് അതിവേഗ വിചാരണയും ശിക്ഷയും നൽകുമെന്ന് ഇറാൻ ജുഡീഷ്യറി തലവൻ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹം ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ ശക്തമായി അപലപിച്ചു. ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാനിലെ നടപടികൾ അടിയന്തരമായി നിർത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വിദേശ ഇടപെടലുകളെ ശക്തമായി പ്രതിരോധിക്കുമെന്നാണ് ഇറാൻ ഭരണകൂടത്തിന്റെ നിലപാട്.