പശ്ചിമേഷ്യൻ യുദ്ധം നാലാം വാരം പിന്നിടുമ്പോൾ അയൽരാജ്യങ്ങൾക്കും മുസ്ലിം ലോകത്തിനും കനത്ത മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാനെ ആക്രമിക്കുന്നതിനായി ചില മുസ്ലിം രാജ്യങ്ങളുടെ ഭൂമി അമേരിക്കൻ-ഇസ്രായേല്‍ സഖ്യത്തിന് വിട്ടുനൽകുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ സമാധാനം തകർക്കാനും യുദ്ധം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുമാണ് ഇസ്രായേല്‍ ശ്രമിക്കുന്നതെന്നും അയൽരാജ്യങ്ങൾ ഈ കെണിയിൽ വീഴാതെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇറാന്റെ പരമാധികാരത്തിന് ഭീഷണിയാകുന്ന രീതിയിൽ അമേരിക്കൻ സൈനിക താവളങ്ങൾക്ക് സൗകര്യമൊരുക്കുന്ന മുസ്ലിം രാജ്യങ്ങളെ പ്രസിഡന്റ് പരോക്ഷമായി വിമർശിച്ചു. ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്താൻ ഈ മണ്ണ് ഉപയോഗിക്കുന്നത് സഹോദര രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ‘നമ്മുടെ അയൽരാജ്യങ്ങൾ അവരുടെ ഭൂമി ശത്രുക്കൾക്ക് വിട്ടുനൽകുന്നത് കാണുന്നത് വേദനാജനകമാണ്’ എന്ന് മസൂദ് പെസഷ്കിയാൻ പറഞ്ഞു. മേഖലയിലെ സുരക്ഷ ഉറപ്പാക്കാൻ മുസ്ലിം രാജ്യങ്ങൾക്കിടയിൽ ഐക്യം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും പാകിസ്ഥാൻ ഉൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ ഇറാൻ പ്രസിഡന്റ് അഭിനന്ദിച്ചു. അമേരിക്കയുമായും ഇറാനുമായും പരോക്ഷ ചർച്ചകൾക്ക് പാകിസ്ഥാൻ മുൻകൈ എടുക്കുന്നതിനെ അദ്ദേഹം ക്രിയാത്മകമായിട്ടാണ് കാണുന്നത്. മേഖലയിലെ സംഘർഷം കുറയ്ക്കാൻ ശ്രമിക്കുന്ന എല്ലാ രാജ്യങ്ങളുടെയും ശ്രമങ്ങളെ ഇറാൻ വിലമതിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാന നീക്കങ്ങളിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള പൂർണ്ണ സഹകരണം അദ്ദേഹം വാഗ്ദാനം ചെയ്തു.



