പശ്ചിമേഷ്യൻ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കൻ സൈന്യത്തിന് വൻ തിരിച്ചടി നൽകിയതിന് പിന്നാലെ യുഎസ് ഭരണകൂടത്തെ രൂക്ഷമായ ഭാഷയിൽ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇറാന്റെ തെക്കൻ പ്രവിശ്യയായ ഖുസെസ്താനിൽ അമേരിക്കൻ എഫ്-15 യുദ്ധവിമാനം വെടിവെച്ചിട്ട സംഭവത്തിലാണ് ഗാലിബാഫ് തന്റെ എക്സ് അക്കൗണ്ടിലൂടെ അമേരിക്കയെ പരിഹസിച്ചത്.
അമേരിക്കയുടെ സൈനിക നീക്കത്തെ ‘തന്ത്രങ്ങളില്ലാത്ത യുദ്ധം’ എന്ന് വിശേഷിപ്പിച്ച ഗാലിബാഫ്, അമേരിക്കയുടെ ആത്യന്തിക ലക്ഷ്യം ഇപ്പോൾ ‘ഭരണമാറ്റത്തിൽ’ നിന്ന് ‘പൈലറ്റുമാരെ കണ്ടെത്തലിലേക്ക്’ മാറിയെന്ന് പരിഹസിച്ചു. ‘ഇറാനെ തുടർച്ചയായി 37 തവണ തോൽപ്പിച്ച ശേഷം, അവർ തുടങ്ങിയ ഈ ബുദ്ധിയില്ലാത്ത യുദ്ധം ഇപ്പോൾ പൈലറ്റുമാരെ തിരയുന്ന അവസ്ഥയിലേക്ക് അധഃപതിച്ചിരിക്കുന്നു. ആരെങ്കിലും ഞങ്ങളുടെ പൈലറ്റുമാരെ ഒന്ന് കണ്ടെത്തിത്തരുമോ? പ്ലീസ്!’ – എന്നായിരുന്നു ഗാലിബാഫിന്റെ പോസ്റ്റ്. അമേരിക്കൻ ഭരണകൂടത്തെ ‘ബുദ്ധിശൂന്യർ’ എന്ന് വിളിച്ചും അദ്ദേഹം പോസ്റ്റുകൾ പങ്കുവെച്ചു.
അമേരിക്കൻ യുദ്ധവിമാനം വെടിവെച്ചിട്ട സംഭവത്തിൽ വൈറ്റ് ഹൗസ് അതീവ ജാഗ്രതയിലാണ്. വിമാനം തകർന്നതും പൈലറ്റുമാരുടെ സുരക്ഷയും സംബന്ധിച്ച് അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന് ഉദ്യോഗസ്ഥർ അടിയന്തര ബ്രീഫിംഗ് നൽകി. വിമാനത്തിലെ ഒരു ജീവനക്കാരനെ അമേരിക്കൻ രക്ഷാസേന കണ്ടെത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി സിബിഎസ് റിപ്പോർട്ട് ചെയ്തു. എന്നാൽ വിമാനത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്നോ മറ്റുള്ളവരുടെ അവസ്ഥയെന്താണെന്നോ ഉള്ള കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണം വൈറ്റ് ഹൗസോ പെൻ്റഗണോ നൽകിയിട്ടില്ല.
ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമായും തകർക്കപ്പെട്ടുവെന്നും അവർക്ക് തിരിച്ചടിക്കാനുള്ള ശേഷിയില്ലെന്നും അമേരിക്കൻ പ്രസിഡൻ്റ് ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ അത്യാധുനികമായ യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടതിലൂടെ ഇറാന്റെ പ്രതിരോധം ഇന്നും ശക്തമാണെന്ന് വ്യക്തമായിരിക്കുകയാണ്. പൈലറ്റുമാരെ ജീവനോടെ പിടികൂടാൻ ഇറാൻ്റെ പ്രാദേശിക ഗവർണർ 10 ബില്യൺ തോമൻ പാരിതോഷികം പ്രഖ്യാപിച്ചതും വൈറ്റ് ഹൗസിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ഖുസെസ്താൻ പ്രവിശ്യയിലെ കരുൺ നദിക്ക് മുകളിലൂടെ ഒരു അമേരിക്കൻ വിമാനവും രണ്ട് ഹെലികോപ്റ്ററുകളും അതീവ താഴ്ന്നുപറന്ന് തെരച്ചിൽ നടത്തുന്ന ദൃശ്യങ്ങൾ ബിബിസി വെരിഫൈ സ്ഥിരീകരിച്ചു. ഈ ദൗത്യത്തിൻ്റെ പുരോഗതിയും ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണികളും അമേരിക്കൻ പ്രസിഡൻ്റ് ട്രംപിനെ ഉദ്യോഗസ്ഥർ ബോധ്യപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനെത്തിയ ഹെലികോപ്റ്റർ തകർക്കപ്പെട്ടുവെന്ന ഇറാന്റെ അവകാശവാദങ്ങൾ അമേരിക്കൻ കേന്ദ്രങ്ങളിൽ വലിയ പ്രകോപനമുണ്ടാക്കിയിട്ടുണ്ട്. പൈലറ്റുമാരുടെ ജീവൻ പണയത്തിലായ സാഹചര്യം അമേരിക്കൻ പ്രസിഡൻ്റ് ട്രംപിനെ ഇറാനെതിരെ കടുത്ത സൈനിക നടപടികൾക്ക് പ്രേരിപ്പിച്ചേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.



