ടെഹ്‌റാൻ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ രൂപംകൊണ്ടപ്രതിഷേധം കനക്കുന്നതിനിടെ രാജ്യത്തേക്ക് മടങ്ങിവരുന്നെന്ന സൂചന നൽകി ഇറാനിലെ മുൻകിരീടാവകാശി റെസ പഹ്ലവി. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. തെരുവുകളിൽ നിന്ന് പിന്മാറരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത പഹ്ലവി ഉടൻ താൻ അവിടെ എത്തിച്ചേരുമെന്നും അറിയിച്ചു
അഞ്ച് പതിറ്റാണ്ടോളമായി അമേരിക്കയിൽ പ്രവാസ ജീവിതം നയിക്കുന്ന പഹ്ലവി ഇറാനിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് പ്രക്ഷോഭകർ. 1979ലെ ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഇറാനിലെ അവസാന ഷായുടെ മകനാണ് 65-കാരനായ റിസ പഹ്ലവി. രാജഭരണം തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നില്ലെന്ന സൂചനകൾ നേരത്തെ റിസ പഹ്ലവി സൂചന നൽകിയിരുന്നു. തെരുവുകളിലെ ജനക്കൂട്ടം ആയത്തുള്ള ഖമേനിയുടെ ഭരണകൂടത്തെയും അടിച്ചമർത്തലിനെയും ദുർബലപ്പെടുത്തിയിരിക്കുന്നുവെന്ന് പഹ്ലവി പറഞ്ഞു.
‘തെരുവുകളിലെ ദശലക്ഷക്കണക്കിന് ആളുകളെ നേരിടാൻ ആവശ്യമായ കൂലിപ്പടയാളികളെ കണ്ടെത്താൻ ഇസ്ലാമിക റിപ്പബ്ലിക്ക് ബുദ്ധിമുട്ടുന്നു എന്നതിന് വിശ്വസനീയമായ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇതുവരെ നിരവധി സായുധ, സുരക്ഷാ സേനാംഗങ്ങൾ അവരുടെ ജോലിസ്ഥലങ്ങൾ ഉപേക്ഷിക്കുകയോ ജനങ്ങളെ അടിച്ചമർത്താനുള്ള ഉത്തരവുകൾ അനുസരിക്കാതിരിക്കുകയോ ചെയ്തിട്ടുണ്ട്. ഖമനേയിക്കായി അവശേഷിക്കുന്നത് ഒരു വിഭാഗം അക്രമകാരികളായ കൂലിപ്പടയാളികൾ മാത്രമാണ്, അവർ അവരുടെ കുറ്റവാളിയായ നേതാവിനെപ്പോലെ ഇറാനിയനല്ലാത്തവരും ഇറാൻ വിരുദ്ധരുമാണ്, കൂടാതെ നമ്മുടെ മഹത്തായ രാഷ്ട്രത്തെ ശത്രുക്കളായി കാണുന്നു. അവരുടെ പ്രവർത്തികൾക്ക് അവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അറിയുക, പഹ്ലവി പറഞ്ഞു.
തനിച്ചു നീങ്ങരുതെന്നും ജീവന് അപകടമുണ്ടാക്കുന്ന മറ്റു വഴികൾ ഒഴിവാക്കണമെന്നും പഹ്ലവി പ്രക്ഷോഭകരോട് ആവശ്യപ്പെട്ടു. നിങ്ങൾ ഒറ്റക്കല്ലെന്ന് അറിയുക. ലോകമെമ്പാടുമുള്ള നിങ്ങളുടെ സഹപൗരന്മാർ അഭിമാനത്തോടെ നിങ്ങളുടെ ശബ്ദം ഉയർത്തുന്നു. അവരുടെ ചിത്രങ്ങൾ നിങ്ങൾക്ക് തീർച്ചയായും ടെലിവിഷൻ സ്‌ക്രീനുകളിൽ കാണാൻ സാധിക്കും. ലോകം ഇന്ന് നിങ്ങളുടെ ദേശീയ വിപ്ലവത്തോടൊപ്പം നിൽക്കുന്നു, നിങ്ങളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു. പ്രത്യേകിച്ച്, പ്രസിഡന്റ് ട്രംപ്, സ്വതന്ത്ര ലോകത്തിന്റെ നേതാവ് എന്ന നിലയിൽ, നിങ്ങളുടെ അപാരമായ ധൈര്യത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും നിങ്ങളെ സഹായിക്കാൻ തയ്യാറാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. തെരുവുകൾ ഉപേക്ഷിക്കരുത്.എന്റെ ഹൃദയം നിങ്ങളോടൊപ്പമുണ്ട്. ഞാൻ ഉടൻ നിങ്ങളുടെ അരികിൽ ചേരും, പഹ്ലവി കൂട്ടിച്ചേർത്തു.
ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങൾ വർധിച്ചതോടെ ഇറാനിലെ പ്രക്ഷോഭരുടെ മരണസംഖ്യ 200 കടന്നതായാണ് പുതിയ റിപ്പോർട്ടുകൾ. ടെഹ്റാനിലെ ആറ് ആശുപത്രികളിൽനിന്ന് മാത്രമുള്ള കണക്കാണിതെന്ന് ഒരു ഡോക്ടറെ ഉദ്ധരിച്ച് ടൈം മാസിക റിപ്പോർട്ട് ചെയ്തു. ഭൂരിഭാഗവും വെടിയേറ്റാണ് കൊല്ലപ്പെട്ടത്. മനുഷ്യവകാശ സംഘടനകൾ കുറഞ്ഞ മരണസംഖ്യയാണ് റിപ്പോർട്ട് ചെയ്തത്. പ്രതിഷേധം ആരംഭിച്ചതു മുതൽ 63 മരണം സംഭവിച്ചുവെന്നാണ് മനുഷ്യവകാശ സംഘടനകളുടെ കണക്ക്.
കലാപം അടിച്ചമർത്താൻ വ്യാഴാഴ്ച രാത്രി മുതൽ രാജ്യത്തെ മൊത്തം ഇന്റർനെറ്റും ഫോൺ കണക്ഷനുകളും ഭരണകൂടം നിർത്തലാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആരംഭിച്ച പ്രതിഷേധമാണ് പിന്നീട് ഭരണകൂട വിരുദ്ധ പ്രക്ഷോഭമായി പരിണമിച്ചത്.1979 മുതൽ ഇറാന്റെ നിയന്ത്രണം ഏറ്റെടുത്ത ഭരണകൂടത്തെ താഴെയിറക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.
‘സ്വാതന്ത്ര്യം’, ‘ഏകാധിപതിക്ക് മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങളോടെയാണ് ജനം തെരുവിൽ ഉറങ്ങിയിരിക്കുന്നത്. വെള്ളിയാഴ്ച അധികാരികൾ ആശുപത്രികളിൽനിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്തതായി ഡോക്ടർ ടൈം മാസികയോട് പറഞ്ഞു. മരിച്ചവരിൽ ഭൂരിഭാഗവും യുവജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ വടക്കൻ ടെഹ്‌റാനിലെ ഒരു പോലീസ് സ്റ്റേഷന് പുറത്ത് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് നേരെ മെഷീൻ ഗൺ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നും നിരവധി പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്.
പൊതുജനങ്ങളുടെ രോഷത്തോടൊപ്പം അമേരിക്കയുടെഭീഷണികൾക്കും ഇടയിൽ കുടുങ്ങിയിരിക്കുകയാണ് സർക്കാർ. പ്രതിഷേധവുമായി ജനങ്ങൾ മുന്നോട്ടുപോവുകയും അമേരിക്ക ഇടപെടുകയും ചെയ്താൽ അവസ്ഥ അപകടകരമാവുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഇസ്രയേലും അമേരിക്കയുമായി ജൂണിൽ നടന്ന 12 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് ശേഷം ഇറാന്റെ സാമ്പത്തികാവസ്ഥ കൂടുതൽ വഷളായിട്ടുണ്ട്. അതിനിടെയാണ് പൊതുജനം ഭരണകൂടത്തിനെതിരേ തെരുവിലിറങ്ങിയത്.
2022-ൽ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത മഹ്‌സ അമീനി എന്ന യുവതി കസ്റ്റഡിയിൽ മരിച്ചതിനെ തുടർന്നുണ്ടായ ദേശീയ പ്രതിഷേധങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് ഇറാൻ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യം വകവെച്ചുകൊടുക്കാത്ത ഭരണകൂടത്തിനെതിരേ കാലങ്ങളായി വലിയ രോഷത്തിലാണ് യുവതലമുറ. അതോടൊപ്പം തന്നെയാണ് സാമ്പത്തിക ബുദ്ധിമുട്ടും തൊഴിലില്ലായ്മയും രാജ്യത്തെ വലയ്ക്കുന്നത്.



