ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖാതിബ് കൊല്ലപ്പെട്ടെന്ന് ഇസ്രായേല്‍. കഴിഞ്ഞദിവസം രാത്രി ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാട്‌സ് പറഞ്ഞു. ഇക്കാര്യത്തില്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘ഈ ദിവസം മുഴുവന്‍ ചില പ്രധാനപ്പെട്ട സര്‍പ്രൈസുകള്‍ പ്രതീക്ഷിക്കുന്നതായി കാട്‌സ് പറഞ്ഞു. ഇസ്രായേലും അമേരിക്കയും ഇറാനില്‍ നടത്തുന്ന ആക്രമണങ്ങളുടെ ശക്തി വര്‍ധിക്കുകയാണ്. കഴിഞ്ഞ രാത്രി ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഖാതിബിനെ വധിച്ചു. ഇറാന്റെ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കാന്‍ താനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൈന്യത്തിന് എല്ലാ അധികാരവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്റെ ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ അലി ലാരിജാനിയുടെയും ബസിജ് സേനാ തലവന്‍ ഗുലാം റെസ സുലൈമാനിയുടെയും വധത്തിനുശേഷം ഇറാനില്‍ കൊല്ലപ്പെടുന്ന പ്രമുഖ നേതാവാണ് ഇസ്മയില്‍ ഖാതിബ്. ലാരിജാനി കൊല്ലപ്പെട്ടെങ്കിലും അത് ഇറാന്റെ രാഷ്ട്രീയ സംവിധാനത്തെ അസ്ഥിരപ്പെടുത്തില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.