ജനീവയിൽ ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകള്‍ നടക്കുന്നതിനിടെയാണ് സൈനികാഭ്യാസം. ഒമാന്റെ മധ്യസ്ഥതയില്‍ ഐക്യരാഷ്ട്രസഭയിലെ ഒമാനി അംബാസഡറുടെ വസതിയിലാണ് ചർച്ച. വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇറാനില്‍ നിന്നുള്ളത്. അമേരിക്കയുടെ ഭാഗത്ത് നിന്ന് നയതന്ത്ര പ്രതിനിധി സംഘം ഉണ്ടെങ്കിലും താൻ നേരിട്ടല്ലെങ്കിലും ചർച്ചയില്‍ ഭാഗമാകുമെന്നാണ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയത്.
ചർച്ച തുടങ്ങി മണിക്കൂറുകള്‍ക്കകമാണ് ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാർഡുകള്‍ സൈനികാഭ്യാസം നടത്തിയത്. ഇറാനില്‍ നിന്നും വിക്ഷേപിച്ച മിസൈലുകള്‍ ഹോർമുസ് കടലിടുക്കില്‍ നിശ്ചയിച്ച ലക്ഷ്യങ്ങളില്‍ കൃത്യമായി പതിച്ചെന്ന് ഇറാനിലെ ഔദ്യോഗിക മാധ്യമത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സൈനിക അഭ്യാസങ്ങളുടെ ഭാഗമായി ഇതുവഴിയുള്ള ജലപാതയുടെ ചില ഭാഗങ്ങള്‍ താത്കാലികമായി അടച്ചിട്ടിരുന്നു.
ഒരു ശക്തിക്കും കീഴടങ്ങില്ലെന്ന സന്ദേശമാണോ നല്‍കുന്നതെന്നാണ് ചോദ്യം. ആഗോള എണ്ണ വിപണിയുടെ ഒരു പ്രധാന ചരക്കുപാതയാണ് ഹോർമുസ് കടലിടുക്ക്
ജനീവയില്‍ നടക്കുന്ന നയതന്ത്ര ചർച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നീക്കം നടത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്ക ആക്രമണം നടത്തിയാല്‍ ഹോർമുസ് കടലിടുക്ക് വഴി വാണിജ്യ കപ്പലുകളുടെ സഞ്ചാരം തടയുമെന്നും പ്രത്യാക്രമണം നടത്തുമെന്നുമാണ് ഇറാനും വ്യക്തമാക്കിയിരിക്കുന്നത്



