ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചകളില്‍ പുരോഗതി അവകാശപ്പെടുന്നതിനിടയിലും പശ്ചിമേഷ്യയില്‍ വീണ്ടും കനത്ത സൈനിക സംഘര്‍ഷം. തന്ത്രപ്രധാനമായ ഹൊര്‍മുസ് കടലിടുക്കിലേക്ക് ലക്ഷ്യം വെച്ച് നീങ്ങിയ ഇറാന്റെ ഒന്നിലധികം മാരകമായ ആക്രമണ ഡ്രോണുകള്‍ യുഎസ് സൈന്യം വെടിവെച്ചിട്ടു. വെള്ളിയാഴ്ചയായിരുന്നു സംഭവം. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ഇക്കാര്യം പുറത്തുവിട്ടത്.

ഹൊര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ക്ക് ഈ ഡ്രോണുകള്‍ വലിയ ഭീഷണിയായിരുന്നുവെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത യുഎസ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ഈ മേഖലയിലെ കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാനാണ് തങ്ങള്‍ പെട്ടെന്ന് തന്നെ നടപടിയെടുത്തതെന്നും യുഎസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന് തൊട്ടുമുമ്പ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇറാന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൊര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളെ ലക്ഷ്യമിട്ട് ഇനിയും ഡ്രോണ്‍ ആക്രമണം നടത്തിയാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്‍ എത്രയും പെട്ടെന്ന് അവരുടെ നിലപാടുകളില്‍ മാറ്റം വരുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തിനില്‍ക്കെ ഉണ്ടായ ഈ പുതിയ സൈനിക ഏറ്റുമുട്ടല്‍ മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് വീണ്ടും നിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. അക്രമണങ്ങള്‍ക്കിടയിലും ചര്‍ച്ചകളുമായി മുന്നോട്ട് പോകാനാണ് ഇരുരാജ്യങ്ങളുടെയും നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.