പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഖത്തറിലെ തന്ത്രപ്രധാനമായ ഊർജ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ഖത്തറിൻ്റെ വടക്കൻ തീരത്തുള്ള രാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ പ്രധാന ഗ്യാസ് പ്ലാൻ്റുകൾക്ക് നേരെയാണ് ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ പതിച്ചത്. ഖത്തറിൻ്റെ ഗ്യാസ് ഉൽപ്പാദന മേഖലയിൽ ഈ ആക്രമണം കനത്ത ആഘാതമുണ്ടാക്കിയതായി ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇറാൻ്റെ ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും രാജ്യത്തിൻ്റെ പരമാധികാരത്തിന് നേരെയുള്ള നേരിട്ടുള്ള വെല്ലുവിളിയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസമായി സൗദി അറേബ്യയിലെയും യുഎഇയിലെയും പ്രധാന ഊർജ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെയും ഖത്തർ ശക്തമായ ഭാഷയിൽ അപലപിച്ചു. മേഖലയിലെ സമാധാനം തകർക്കുന്ന ഇത്തരം നീക്കങ്ങൾ ആഗോള ഊർജ സുരക്ഷയെയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും ഗുരുതരമായി ബാധിക്കുമെന്നും ദോഹ മുന്നറിയിപ്പ് നൽകി.

ഇറാൻ്റെ രഹസ്യാന്വേഷണ വിഭാഗം തലവൻ ഇസ്മാഈൽ ഖതീബ്, ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി എന്നിവരുടെ വധത്തിന് പ്രതികാരമായാണ് ഈ ആക്രമണങ്ങളെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഈ വധത്തിന് പ്രതികാരം ചെയ്യുമെന്ന് നേരത്തെ പ്രതിജ്ഞ എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച ഗൾഫ് മേഖലയിലെ എണ്ണ-ഗ്യാസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ്റെ ഏകോപിപ്പിച്ചുള്ള മിസൈൽ വർഷം ഉണ്ടായത്.

ഇറാൻ്റെ തെക്കൻ പാഴ്സ് ഗ്യാസ് ഫീൽഡിന് നേരെ നേരത്തെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് തങ്ങളുടെ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിടുന്നത് തുടർന്നാൽ ശക്തമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് ടെഹ്‌റാൻ മുന്നറിയിപ്പ് നൽകിയിരുന്നു. സിവിലിയൻ കേന്ദ്രങ്ങളെയും നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാൻ്റെ നീക്കം എല്ലാ ചുവപ്പ് രേഖകളും മറികടന്നതായി ഖത്തർ കുറ്റപ്പെടുത്തി.

മേഖലയിലെ നിലവിലെ സാഹചര്യത്തിൽ സൗദി അറേബ്യക്കും യുഎഇക്കും ഖത്തർ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സ്വന്തം പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഈ രാജ്യങ്ങൾ സ്വീകരിക്കുന്ന ഏത് നടപടികൾക്കും ഖത്തറിൻ്റെ പിന്തുണ ഉണ്ടാകുമെന്ന് പ്രസ്താവനയിൽ പറയുന്നു. മേഖലയിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഖത്തർ ആവശ്യപ്പെട്ടു.