ഇറാനിയൻ ലക്ഷ്യസ്ഥാനങ്ങൾക്ക് നേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ, യുഎസിന്റെ 21 സൈനിക കേന്ദ്രങ്ങളിൽ മിസൈൽ വർഷിച്ച് ഇറാന്റെ ശക്തമായ തിരിച്ചടി. ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലെ പ്രധാന യുഎസ് താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്സിന്റെ (IRGC) ആക്രമണം. തങ്ങളുടെ 20 കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് ഉചിതമായ മറുപടി നൽകുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

ബഹ്‌റൈനിലെ യുഎസ് ഫിഫ്ത്ത് ഫ്ലീറ്റ് (Fifth Fleet) താവളത്തിന് നേരെ ഇറാൻ ശക്തമായ ആക്രമണം നടത്തി. ഇതേത്തുടർന്ന് ബഹ്‌റൈനിൽ ഇന്ന് രണ്ടുതവണ സുരക്ഷാ സൈറണുകൾ മുഴങ്ങുകയും ഉദ്യോഗസ്ഥരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിക്കുകയും ചെയ്തു. തങ്ങളുടെ രാജ്യത്തെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണമുണ്ടായതായി കുവൈത്തും സ്ഥിരീകരിച്ചിട്ടുണ്ട്. ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ സൂക്ഷിച്ചിരുന്ന അത്യാധുനിക എഫ്-35 ഫൈറ്റർ ജെറ്റുകളുടെ ഹാംഗറുകൾ, കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ എന്നിവയുൾപ്പെടെയുള്ള നാല് നിർണ്ണായക ലക്ഷ്യങ്ങൾ തകർത്തതായും അമേരിക്കയുടെ ഒരു എംക്യു-9 (MQ-9) ഡ്രോൺ വെടിവെച്ചിട്ടതായും ഐആർജിസി പ്രസ്താവനയിൽ അവകാശപ്പെട്ടു.

തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതോടെയാണ് നിലവിലെ സംഘർഷങ്ങൾക്ക് തുടക്കമായത്. ഇതിന് തിരിച്ചടിയായി ഇറാനിലെ തെക്കൻ ദ്വീപുകൾ ഉൾപ്പെടെയുള്ള 20 കേന്ദ്രങ്ങളിൽ തങ്ങൾ സ്വയം പ്രതിരോധ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിരുന്നു. ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അമേരിക്കൻ വ്യോമാക്രമണം. അമേരിക്കയുടെ ആക്രമണത്തിൽ സിരിക്കിലെ രണ്ട് ജലസംഭരണികൾ തകർന്നതായി ഇറാൻ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങളെ മുഴുവൻ മുൾമുനയിലാക്കി ഇറാന്റെ വൻ തിരിച്ചടിയുണ്ടായിരിക്കുന്നത്.