അബുദാബി: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിനുള്ള പ്രതികാരമായി അമേരിക്കൻ-ഇസ്രയേൽ സൈനിക താവളങ്ങളിലേക്കുള്ള ഇറാന്‍റെ തിരിച്ചടിയിൽ രൂക്ഷമായ ആക്രമണമാണ് യു എ ഇ നേരിടുന്നത്. യു എ ഇയ്ക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ – ഡ്രോൺ ആക്രമണമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 165 ബാലസ്റ്റിക് മിസൈലുകളും 2 ക്രൂസ് മിസൈലുകളും 541 ഡ്രോണുകളുമാണ് ഇതിനകം യു എ ഇ ലക്ഷ്യമാക്കി എത്തിയത്. ഇതിൽ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും മിസൈൽ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിച്ച് മൂന്ന് പേർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളാണ് മരിച്ചതെന്നാണ് ഔദ്യോഗിക വിവരം. ആക്രമണങ്ങളിൽ 58 പേർക്ക് പരിക്കേറ്റു, ഇതിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നുവെന്ന് യു എ ഇ അധികൃതർ വ്യക്തമാക്കി. യു എ ഇ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 152 ബാലസ്റ്റിക് മിസൈലുകളും 506 ഡ്രോണുകളും ആകാശത്തുവെച്ച് തന്നെ നശിപ്പിച്ചു. 21 ഡ്രോണുകൾ ജനവാസ കേന്ദ്രങ്ങളിൽ പതിച്ചതാണ് നാശനഷ്ടങ്ങൾക്കും മരണത്തിനും കാരണമായത്. മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യു എ ഇ അതീവ ജാഗ്രതയിലാണ്.

ഇറാന്‍റെ മിസൈൽ ആക്രമണ ഭീഷണിയെത്തുടർന്ന് അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യു എ ഇ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 2, 3, 4 തീയതികളിൽ രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവെച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ സ്വകാര്യ – സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ അനുവദിക്കാനും തീരുമാനിച്ചു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചതായും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും യു എ ഇ ഭരണകൂടം അറിയിച്ചു. ദുബായ് ഗ്ലോബൽ വില്ലേജടക്കം താത്കാലികമായി അടച്ചിട്ടുണ്ട്.