പശ്ചിമേഷ്യയിൽ സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. കുവൈത്തിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ ഐ.ആർ.ജി.സി മിസൈൽ ആക്രമണം നടത്തി. അതേസമയം, ഇറാനിൽ പുതിയ പരമോന്നത നേതാവിനെ നിയമിച്ചാൽ അവരെയും വധിക്കുമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നൽകി. യുദ്ധം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ പലതും റദ്ദാക്കിയിരിക്കുകയാണ്.

കുവൈത്തിലെ അൽ-അദിരി വ്യോമതാവളം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തങ്ങൾ ആക്രമിച്ചുവെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശപ്പെട്ടു. അമേരിക്കൻ ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികൾ നടത്തുന്ന കേന്ദ്രം, ഇന്ധന ടാങ്കുകൾ, കമാൻഡ് സെന്റർ എന്നിവ നശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വ്യോമതാവളത്തിൽ വലിയ തീപിടുത്തമുണ്ടായെന്നും കറുത്ത പുക ഉയരുന്നതായും ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ടാങ്കറുകൾക്ക് തീപിടിച്ചുവെന്നും, ഇത് അണയ്ക്കുന്നതിനിടെ തങ്ങളുടെ രണ്ട് അഗ്നിശമന സേനാംഗങ്ങൾ കൊല്ലപ്പെട്ടുവെന്നും കുവൈത്ത് ഫയർ ഫോഴ്സ് ഔദ്യോഗികമായി അറിയിച്ചു. ഇറാന്റെ മിസൈലാക്രമണങ്ങളെ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ നേരിട്ടതായി കുവൈത്ത് സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി 28 ന് നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ പിൻഗാമിയെയും വധിക്കുമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നൽകി. ഇറാന്റെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തിയ എക്സ്പർട്ട് അസംബ്ലിയിലെ അംഗങ്ങളെയും വെറുതെ വിടില്ലെന്നാണ് ഇസ്രായേല്‍ സൈന്യം തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഫാഴ്സി ഭാഷയിൽ വ്യക്തമാക്കിയത്.