തെഹ്റാൻ: ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ശവസംസ്കാര ചടങ്ങിൽ അണിനിരന്ന് പതിനായിരങ്ങൾ. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ നടന്ന ശവസംസ്കാര ചടങ്ങുകളിൽ തെരുവുകൾ ജനസാഗരമായതിൻ്റെ ദൃശ്യങ്ങൾ ഇറാൻ്റെ ദേശീയ മാധ്യമം സംപ്രേക്ഷണം ചെയ്തു. ശനിയാഴ്ച രാവിലെ പ്രദേശിക സമയം എട്ട് മണിക്ക് ആരംഭിച്ച ചടങ്ങിൽ കറുത്ത വസ്ത്രം ധരിച്ചാണ് പതിനായിരക്കണക്കിന് വരുന്ന ഇറാനിയൻ പൗരന്മാർ അണിനിരന്നത്. ഇറാനിയൻ പതാക വീശിയും കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ വീശിയുമാണ് ആളുകൾ ചടങ്ങിൽ പങ്കെടുത്തത്.
മധ്യ ടെഹ്റാനിൽ നടന്ന ചടങ്ങുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചിത്രങ്ങളിൽ ഇറാനിയൻ പതാകകളിൽ പൊതിഞ്ഞ ശവപ്പെട്ടികളും മരിച്ച കമാൻഡർമാരുടെ യൂണിഫോമിലുള്ള ഛായാചിത്രങ്ങളും ഉണ്ടായിരുന്നു. ഗാർഡിന്റെ ചീഫ് ജനറൽ ഹൊസൈൻ സലാമി, ഗാർഡിന്റെ ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിന്റെ തലവൻ ജനറൽ അമീർ അലി ഹാജിസാദെ അടക്കമുള്ളവരുടെ ശവപ്പെട്ടികൾ തലസ്ഥാനത്തെ ആസാദി സ്ട്രീറ്റിലൂടെ ട്രക്കുകളിൽ കൊണ്ടുപോകുമ്പോൾ “അമേരിക്കയ്ക്ക് മരണം”, “ഇസ്രായേലിന് മരണം” എന്ന് ജനക്കൂട്ടം രോഷത്തോടെ മുദ്രാവാക്യം മുഴക്കിയെന്നാണ് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത്. ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൻ്റെ ആദ്യദിവസമാണ് സലാമിയും ഹാജിസാദെയും കൊല്ലപ്പെട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ. ഇറാന്റെ റെവല്യൂഷണറി ഗാർഡിലെ മേജർ ജനറലായ മുഹമ്മദ് ബാഗേരി, ഉന്നത ആണവ ശാസ്ത്രജ്ഞൻ മുഹമ്മദ് മെഹ്ദി ടെഹ്റാഞ്ചി എന്നിവരും ഇസ്രായേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.
ഇസ്രയേലിൻ്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട ഉന്നത കമാൻഡർമാരുടെ അടക്കം ആദ്യ പൊതു ശവസംസ്കാര ചടങ്ങുകളായിരുന്നു ശനിയാഴ്ച തെഹ്റാനിൽ നടന്നത്. ചടങ്ങിൽ 16 ശാസ്ത്രജ്ഞർ, 10 മുതിർന്ന കമാൻഡർമാർ, നാല് സ്ത്രീകൾ, നാല് കുട്ടികൾ എന്നിവരുൾപ്പെടെ ആകെ 60 പേരുടെ പൊതു സംസ്കാര ചടങ്ങുകളാണ് നടന്നതെന്നാണ് ഇറാനിയൻ സ്റ്റേറ്റ് ടി വി റിപ്പോർട്ട് ചെയ്യുന്നത്. ചടങ്ങിനെ തുടർന്ന് ടെഹ്റാനിലെ ആസാദി സ്ക്വയറിൽ കൂട്ട പ്രാർത്ഥനകൾ നടന്നു. ഇറാനിയൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാൻ, സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ് അലി ഷംഖാനി, ഖമേനിയുടെ മകൻ മോജ്തബ എന്നിവരുൾപ്പെടെയുള്ള ഇറാൻ്റെ പ്രധാനനേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി അധികൃതർ സർക്കാർ ഓഫീസുകൾ അടക്കം അടച്ചിരുന്നു.



