പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം തുടരുന്നതിനിടെ ആഗോള ഇൻ്റർനെറ്റ് ബന്ധം തകരാറിലാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി പുതിയ റിപ്പോർട്ടുകൾ. ഗൾഫ് രാജ്യങ്ങൾ അമേരിക്കൻ സൈന്യത്തിന് തുടർന്നും ആതിഥേയത്വം വഹിച്ചാൽ ചെങ്കടലിലൂടെയും ഹോർമുസ് കടലിടുക്കിലൂടെയുമുള്ള സമുദ്രാന്തർ കേബിളുകൾ മുറിക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയതായാണ് സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ അവകാശവാദങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. എന്നിരുന്നാലും, ഇറാൻ അധികൃതരോ പ്രമുഖ ഇന്റലിജൻസ് ഏജൻസികളോ ഈ ഭീഷണിയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. നിലവിൽ പുറത്തുവരുന്ന വിവരങ്ങൾ അനുമാനങ്ങൾ മാത്രമാണെന്ന് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗൾഫ് മേഖലയിലെ അമേരിക്കൻ സാന്നിധ്യത്തോടുള്ള ഇറാന്റെ എതിർപ്പാണ് ഇത്തരം ഭീഷണികൾക്ക് അടിസ്ഥാനമായി പറയപ്പെടുന്നത്.

ചെങ്കടലിനടിയിലൂടെയും ഹോർമുസ് കടലിടുക്കിലൂടെയുമുള്ള സമുദ്രാന്തർ കേബിളുകൾ ഏഷ്യ, യൂറോപ്പ്, പശ്ചിമേഷ്യ എന്നീ വൻകരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഡിജിറ്റൽ പാതയാണ്. ലോകത്തെ മൊത്തം ഇൻ്റർനെറ്റ് ഉപയോഗത്തിന്റെ 95 ശതമാനവും കടന്നുപോകുന്നത് ഈ കേബിളുകളിലൂടെയാണെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ, ക്ലൗഡ് സേവനങ്ങൾ, വാർത്താവിനിമയം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ ഫൈബർ ഒപ്റ്റിക് ശൃംഖലയെയാണ് പൂർണ്ണമായും ആശ്രയിക്കുന്നത്.

ഇടുങ്ങിയ സമുദ്രപാതകളിലൂടെ കടന്നുപോകുന്നതിനാൽ ഈ കേബിളുകൾ എളുപ്പത്തിൽ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ട്. കേബിളുകൾക്ക് കേടുപാടുകൾ സംഭവിച്ചാൽ ഇൻ്റർനെറ്റ് വേഗത കുറയുന്നതിന് അപ്പുറം ആഗോള തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സമുദ്രാന്തർ അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികൾ വളരെ സങ്കീർണ്ണവും സമയമെടുക്കുന്നതുമായതിനാൽ മാസങ്ങളോളം നീളുന്ന വലിയ ഇൻ്റർനെറ്റ് തടസ്സങ്ങൾക്ക് ഇത് കാരണമായേക്കാം. എന്നാൽ കേബിളുകൾ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ഇറാൻ ആരംഭിച്ചതായി നിലവിൽ തെളിവുകളില്ല.

ഇൻ്റർനെറ്റ് ബന്ധം തകരാറിലായാൽ അത് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഗൾഫ് മേഖലയിലെ ലാൻഡിംഗ് പോയിൻ്റുകൾ വഴി ഇന്ത്യയെ പശ്ചിമേഷ്യയുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്ന നിരവധി കേബിൾ റൂട്ടുകൾ ഇതുവഴി കടന്നുപോകുന്നുണ്ട്. ഉയർന്ന ഡാറ്റാ ഉപഭോഗമുള്ള രാജ്യമായതിനാൽ ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റുകൾ, ബിസിനസ്സ് പ്രവർത്തനങ്ങൾ, ക്ലൗഡ് സേവനങ്ങൾ എന്നിവയെ ഇത് സാരമായി ബാധിച്ചേക്കാം.

ഈ ആശങ്കകൾക്കിടയിൽ കേബിൾ സ്ഥാപിക്കുന്ന ഫ്രഞ്ച് കമ്പനിയായ അൽകാറ്റെൽ സബ്മറൈൻ നെറ്റ്‌വർക്സ് തങ്ങളുടെ ഉപഭോക്താക്കൾക്ക് ‘ഫോഴ്സ് മജ്യൂർ’ (force majeure – നിയന്ത്രണാതീതമായ കാരണങ്ങളാൽ കരാർ പാലിക്കാൻ കഴിയാത്ത അവസ്ഥ) നോട്ടീസ് നൽകിയതായി റിപ്പോർട്ടുകളുണ്ട്. കമ്പനിയുടെ കേബിൾ സ്ഥാപിക്കുന്ന ‘ഇൽ ഡി ബാറ്റ്സ്’ എന്ന കപ്പൽ സൗദി അറേബ്യയിലെ ദമ്മാം തീരത്ത് കുടുങ്ങിക്കിടക്കുകയാണെന്നും വിവരമുണ്ട്. ഇതിന്റെ കൃത്യമായ കാരണങ്ങൾ കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും മേഖലയിലെ സംഘർഷാവസ്ഥയാണെന്നാണ് വിലയിരുത്തൽ.