ജപ്പാനിൽ ആശങ്കയുയർത്തി പകർച്ചപ്പനി വ്യാപിക്കുന്നു. നൂറിലേറെ സ്കൂളുകൾ അടച്ചു. 4000ത്തിലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ ഔദ്യോഗികമായി രാജ്യവ്യാപകമായി ഇന്‍ഫ്ലുവന്‍സ പകര്‍ച്ചവ്യാധി പ്രഖ്യാപിച്ചു. പകര്‍ച്ചവ്യാധി പരിധി ദേശീയ ശരാശരി കടന്നതായും ഓരോ മെഡിക്കല്‍ സ്ഥാപനത്തിലും ശരാശരി 1.04 രോഗികൾ എത്തിയതായും ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. സീസണിന്റെ തുടക്കത്തില്‍ തന്നെ ഇത്തരത്തിലുള്ള പകർവ്യാധി വ്യാപനം ഇതുവരെ കണ്ടിട്ടില്ലാത്ത നിലയിലാണെന്നും ജപ്പാന്റെ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇന്‍ഫ്ലുവന്‍സ വൈറസ് കൂടുതല്‍ വേഗത്തില്‍ മ്യൂട്ടേറ്റ് ചെയ്യാമെന്നും ഇത് ആരോഗ്യ അധികൃതർക്ക് പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജപ്പാനില്‍ സാധാരണയായി നവംബര്‍ അവസാനമോ ഡിസംബറിലോ ആണ് ഇന്‍ഫ്ലുവന്‍സ സീസണ്‍. എന്നാല്‍ ഈ വര്‍ഷം, പകര്‍ച്ചവ്യാധി അഞ്ച് ആഴ്ച മുമ്പേ ആരംഭിച്ചു.

വളരെ വേഗത്തിൽ ഇൻഫ്ലുവൻസ പടർന്നുപിടിക്കുന്നതിനാൽ ജപ്പാനിലെ ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ അടിയന്തര നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വാക്സിനേഷനും വ്യക്തിഗത ശുചിത്വവുമാണ് ഏറ്റവും ഫലപ്രദമായ പ്രതിരോധമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.