മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു സന്യാസിനിമാരെയും എട്ട് സന്യാസാർഥിനികളെയും റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മധ്യപ്രദേശിലെ ഇൻഡോർ റെയിൽവേ സ്റ്റേഷനിൽ ഏപ്രിൽ ഏഴ് ചൊവ്വാഴ്‌ചയാണ് സംഭവം.
സന്യാസാർഥിനികളെ അവധിക്ക് വീട്ടിലേക്ക് പറഞ്ഞയക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മനുഷ്യക്കടത്ത് ആരോപിച്ച് റെയിൽവേ പോലീസ് സന്യാസിനിമാരെ തടഞ്ഞുവെച്ചത്. കസ്റ്റഡിയിൽ എടുത്ത മൂന്ന് സന്യാസിനിമാരിൽ ഒരാൾ മലയാളിയാണ്. സന്യാസിനിമാരെ പോലീസ് ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുക്കുകയും റെയിൽവേ പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയുമായിരുന്നു.
ഇൻഡോർ രൂപത മേലധികാരികളെ വിവരം അറിയിച്ചതിനെ തുടർന്ന് ഇൻഡോർ രൂപത ബിഷപ് ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിൽ രൂപത അധികൃതർ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതോടെ ഒരു മണിക്കൂർ നേരത്തെ ചോദ്യം ചെയ്യലിനൊടുവിൽ സന്യാസിനിമാരെ വിട്ടയച്ചു. സിസ്റ്റേഴ്സ് ഓഫ് വിസിറ്റേഷൻ സന്യാസ സമൂഹാംഗങ്ങളാണ് ഇവർ.



