ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) അനിശ്ചിത കാലത്തേക്ക് മാറ്റി. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട സീസണ്‍ സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) ഐഎസ്എല്‍ നടത്തിപ്പുകാര്‍. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള (എഐഎഫ്എഫ്) മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഇത്തവണത്തെ സീസണ്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. കരാര്‍ പുതുക്കാതെ ഐഎസ്എല്‍ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. എന്നാല്‍ എഫ്എസ്ഡിഎല്‍ ഇതുസംബന്ധിച്ച് ഫെഡറേഷനുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നാണ് ഫെഡറേഷന്‍ ഭാരവാഹികള്‍ പറയുന്നത്.

ഫെഡറേഷനും എഫ്എസ്ഡിഎലുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കും. കരാര്‍ പുതുക്കുന്നത് സംബന്ധിച്ച് നീക്കങ്ങളൊന്നും നടന്നിരുന്നില്ല. കരാര്‍ അനുസരിച്ച് എഫ്എസ്ഡിഎല്‍ വര്‍ഷത്തില്‍ 50 കോടി രൂപ ഫെഡറേഷന് നല്‍കുന്നുണ്ട്. പകരമായി മത്സരങ്ങളുടെ സംപ്രേഷണം ഉള്‍പ്പെടെയുള്ള വാണിജ്യ അവകാശങ്ങള്‍ എഫ്എസ്ഡിഎലിന് ലഭിക്കും.

ഫെഡറേഷന്റെ പുതിയ ഭരണഘടന പ്രാബല്യത്തിലാവുന്നതുവരെ നിലവിലെ ഭാരവാഹികള്‍ സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശവും കരാര്‍ പുതുക്കുന്നതിന് തടസമായി. ഇതോടെ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ 2025-26 സീസണിനായുള്ള വാര്‍ഷിക കലണ്ടറില്‍ നിന്ന് ഐഎസ്എല്ലിനെ ഒഴിവാക്കിയിരുന്നു.