പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടയിലും ആശ്വാസകരമായ നീക്കവുമായി ഇന്ത്യൻ കപ്പലുകൾ ഹോർമൂസ് കടലിടുക്ക് കടക്കുന്നു. ഇന്ത്യൻ പതാക വഹിച്ചുകൊണ്ടുള്ള ‘ജഗ് വസന്ത്’, ‘പൈൻ ഗ്യാസ്’ എന്നീ രണ്ട് എൽപിജി ടാങ്കറുകളാണ് നിലവിൽ ഹോർമൂസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നത്. രണ്ട് കപ്പലുകളിലുമായി ആകെ 92,612 ടൺ എൽപിജി ഉണ്ടെന്ന് തുറമുഖ, ഷിപ്പിംഗ് മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ അറിയിച്ചു.

യുഎഇ തീരത്തുനിന്നും തിങ്കളാഴ്ച പുലർച്ചെ യാത്ര ആരംഭിച്ച ഈ ടാങ്കറുകൾ മാർച്ച് 26-നും 28-നും ഇടയിൽ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയേക്കും. ജഗ് വസന്തിൽ 33-ഉം പൈൻ ഗ്യാസിൽ 27-ഉം ഇന്ത്യൻ നാവികരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിയൻ ദ്വീപുകളായ ലാറക്കിനും ഖ്വെഷ്മിനും സമീപത്തുകൂടിയുള്ള താരതമ്യേന സുരക്ഷിതമായ പാതയിലൂടെയാണ് കപ്പലുകൾ സഞ്ചരിക്കുന്നത്. നേരത്തെ ഇന്ത്യൻ പതാകയുള്ള രണ്ട് എൽപിജി കപ്പലുകൾക്ക് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകിയിരുന്നു.

യുദ്ധം ആരംഭിച്ചത് മുതൽ ഡ്രോൺ, മിസൈൽ ആക്രമണ ഭീഷണികൾ നിലനിൽക്കുന്നതിനാൽ ഈ മേഖലയിൽ കപ്പൽ ഗതാഗതം അതീവ സങ്കീർണ്ണമായിരുന്നു. സമുദ്രത്തിലെ മൈനുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും ഇൻഷുറൻസ് തുകയിലുണ്ടായ വർദ്ധനയും അന്താരാഷ്ട്ര ഷിപ്പിംഗ് രംഗത്തെ ബാധിച്ചിരുന്നു. ഈ പ്രതിസന്ധികൾക്കിടയിലും ഇന്ത്യയിലേക്കുള്ള എൽപിജി കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഊർജ്ജ വിതരണ രംഗത്ത് വലിയ ആശ്വാസമാകും.