ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തി. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ തന്നെ ഡോളറിന് 92.43 രൂപ എന്ന നിലയിലാണ് വിനിമയം നടന്നത്. ഇറാൻ-അമേരിക്ക സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതും ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതുമാണ് രൂപയ്ക്ക് കനത്ത തിരിച്ചടിയായത്.
വ്യാഴാഴ്ച 92.25 എന്ന നിലയിൽ വ്യാപാരം അവസാനിച്ച രൂപ, വെള്ളിയാഴ്ച രാവിലെ 92.33 എന്ന നിലയിലാണ് തുടങ്ങിയതെങ്കിലും ഉടൻ തന്നെ 92.43-ലേക്ക് താഴുകയായിരുന്നു. ലോകത്തിലെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 5 ശതമാനം വർധിച്ച് ബാരലിന് 96.57 ഡോളറിലെത്തി. ഇത് ഇന്ത്യയെപ്പോലെ വലിയ തോതിൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ കാര്യമായി ബാധിക്കുന്നുണ്ട്. വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻതോതിൽ പണം പിൻവലിക്കുന്നതും രൂപയുടെ തകർച്ചയ്ക്ക് കാരണമായി. കഴിഞ്ഞ ദിവസം മാത്രം 7,049.87 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റഴിച്ചത്.
റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടില്ലായിരുന്നുവെങ്കിൽ രൂപയുടെ മൂല്യം 93 കടക്കുമായിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ വരും ദിവസങ്ങളിലും രൂപയുടെ മൂല്യം കൂടുതൽ ഇടിയാൻ സാധ്യതയുണ്ട്.



