അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവുമായി ഇന്ത്യ സഹകരണം ശക്തമാക്കുന്നു. അഫ്ഗാൻ തലസ്ഥാനമായ കാബുളിൽ പൂർണസജ്ജമായ എംബസി പുനരാംഭിക്കുന്നതുൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കാൻ ധാരണ. അഫ്ഗാനിസ്ഥാനിലെ ആക്ടിങ് വിദേശകാര്യ മന്ത്രി അമിർ ഖാൻ മുത്താഖിയുടെ ഇന്ത്യൻ സന്ദർശനത്തിനിടെയാണ് സഹകരണം ശക്തമാക്കുന്നെന്ന സൂചനകൾ നൽകുന്നത്. ന്യൂഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഉൾപ്പെടെയുള്ള ഉന്നതരുമായി താലിബാൻ പ്രതിനിധി സംഘം ചർച്ചകൾ നടത്തി. അഫ്ഗാനിസ്ഥാന്റെ പുനർനിർമാണം, സാങ്കേതിക സഹകരണം, മാനുഷിക സഹായം, സുരക്ഷാ സഹകരണം, വ്യാപാരം തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയായിരുന്നു ചർച്ചകൾ എന്നാണ് പുറത്തുവരുന്ന വിവരം.

ചർച്ചകൾക്ക് ശേഷം മാധ്യമങ്ങളെ കണ്ട വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രതികരണവും സഹകരണം വർധിപ്പിക്കുന്നതിന്റെ സൂചനകൾ നൽകുന്നതായിരുന്നു. അഫ്ഗാൻ ജനതയോടും അവരുടെ ഭാവിയിലും ഇന്ത്യയ്ക്ക് പ്രതിബദ്ധതയുണ്ടെന്ന് വ്യക്തമാക്കിയായികുന്നു ജയശങ്കറിന്റെ പ്രതികരണം. ‘ഇന്ത്യയുടെ ഔദ്യോഗിക ഇടപെടലിനായി കാബൂളിൽ ഇന്ത്യൻ എംബസി പ്രവർത്തനം തുടങ്ങുമെന്ന് പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്, എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

ഇന്ത്യൻ ഇടപെടൽ ശക്തമാക്കുമ്പോഴും സുരക്ഷാ ആശങ്കകളും ചർച്ചയിൽ വിഷയമായെന്നും മന്ത്രി അറിയിച്ചു. പാകിസ്ഥാന്റെ പേര് നേരിട്ട് പരാമർശിക്കാതെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇരു രാജ്യങ്ങളും നേരിടുന്ന അതിർത്തി കടന്നുള്ള ഭീകരതയുടെ പൊതുവായ ഭീഷണി പ്രധാന വിഷയമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. അഫ്ഗാനിസ്ഥാനിലെ വികസന പ്രവർത്തനങ്ങൾക്കായി ആറ് പദ്ധതികളും പുതിയതായി ആരംഭിക്കും. ഇവ സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ തുടർചർച്ചകളിൽ ഉണ്ടാകുമെന്നും എസ് ജയശങ്കർ അറിയിച്ചു. അഫ്ഗാൻ ആശുപത്രികൾക്ക് എംആർഐ, സിടി സ്‌കാൻ മെഷീനുകൾ, കാൻസർ മരുന്നുകൾ, വാക്‌സിനുകൾ, ആംബുലൻസുകൾ എന്നിവയും ഇന്ത്യ നൽമെന്നും മന്ത്രി അറിയിച്ചു.