ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതിയിൽ വൻകുതിപ്പ്. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലാണ് കുത്തനെയുള്ള വർധന രേഖപ്പെടുത്തിയത്. 2024-25 ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 47 ശതമാനത്തിലധികം വർധനയോടെ ഇലക്ട്രോണിക്സ് കയറ്റുമതി 12.4 ബില്യൺ ഡോളറിലെത്തിയെന്ന് കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രി പിയൂഷ് ഗോയൽ എക്സിലൂടെ അറിയിച്ചു. ഇത് ‘മേക്ക് ഇൻ ഇന്ത്യ’യുടെ വിജയഗാഥയാണെന്നും 2014-15 മുതൽ ഒരു ദശാബ്ദത്തിനുള്ളിൽ നമ്മുടെ ഇലക്ട്രോണിക്സ് ഉത്പാദനം 31 ബില്യൺ ഡോളറിൽ നിന്ന് 133 ബില്യൺ ഡോളറായി വർധിക്കാൻ അത് കാരണമായെന്നും മന്ത്രി കുറിച്ചു.
നിർമ്മാണരംഗത്ത് സ്വയംപര്യാപ്തത വർധിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി 2014-ൽ വെറും രണ്ട് മൊബൈൽ നിർമ്മാണ യൂണിറ്റുകളിൽ നിന്ന് ഇന്ന് 300-ൽ അധികം യൂണിറ്റുകളായി ഇന്ത്യയിലെ ഉത്പാദന മേഖല വളർന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു മൊബൈൽ ഇറക്കുമതി രാജ്യത്തിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമ്മാതാവായി ഇന്ത്യ മാറി. ഇത് നമ്മുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ്. സോളാർ മൊഡ്യൂളുകൾ, നെറ്റ്വർക്കിങ് ഉപകരണങ്ങൾ, ചാർജർ അഡാപ്റ്ററുകൾ, ഇലക്ട്രോണിക് ഭാഗങ്ങൾ എന്നിവയും നമ്മുടെ കയറ്റുമതി ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
ഇലക്ട്രോണിക്സ് മേഖല വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചുവെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി. 2014-15ൽ 38,000 കോടി രൂപയായിരുന്ന ഇലക്ട്രോണിക് സാധനങ്ങളുടെ കയറ്റുമതി കഴിഞ്ഞ ദശാബ്ദത്തിനിടെ എട്ട് മടങ്ങ് വർധിച്ച് 2024-25ൽ 3.27 ലക്ഷം കോടി രൂപയായി ഉയർന്നുവെന്നും മന്ത്രി പങ്കുവെച്ച കണക്കുകൾ വ്യക്തമാക്കുന്നു.
2014-15ൽ, ഇന്ത്യയിൽ വിറ്റ മൊബൈൽ ഫോണുകളിൽ 26% മാത്രമാണ് രാജ്യത്ത് നിർമ്മിച്ചത് ബാക്കിയുള്ളവ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇപ്പോൾ ആ സ്ഥിതി പൂർണമായും മാറി. ഇന്ന് രാജ്യത്ത് വിൽക്കുന്ന എല്ലാ മൊബൈൽ ഫോണുകളുടെയും 99.2% ആഭ്യന്തരമായി നിർമ്മിച്ചവയാണ്. മൊബൈൽ ഫോൺ നിർമ്മാണത്തിന്റെ മൂല്യം 2014 സാമ്പത്തിക വർഷത്തിലെ 18,900 കോടി രൂപയിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 4,22,000 കോടി രൂപയായി കുതിച്ചുയർന്നുവെന്നും കേന്ദ്രമന്ത്രി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.