ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ്‌ഐഎസിന്റെ (ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയ) ഇന്ത്യന്‍ തലവനായ സാക്വിബ് അബ്ദുള്‍ ഹമീദ് നാച്ചന്‍ ഡെല്‍ഹിയില്‍ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചു. തിഹാര്‍ ജയിലിയായിരുന്ന നാച്ചനെ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച ദീന്‍ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് പിന്നീട് സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവെയാണ് മരണം.
നിരോധിക്കപ്പെട്ട സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) മുന്‍ ഭാരവാഹിയായിരുന്ന സാക്വിബ് നാച്ചന്‍ 2002-03 ലെ മുംബൈ സ്‌ഫോടനങ്ങളിലെ പങ്കിന് ശിക്ഷിക്കപ്പെട്ടിരുന്നു. 67 കാരനായ നാച്ചിനെ 2023 ഡിസംബര്‍ 9 ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തതിന് ശേഷം തിഹാര്‍ ജയിലിലടക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ പഡ്ഗയില്‍ നിന്നാണ് നാച്ചിനെയും മറ്റ് 15 ഐഎസ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തത്.
നാച്ചനും മറ്റ് പ്രതികളും വിദേശത്തെ ഐഎസ് പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് എന്‍ഐഎ പറയുന്നു. ഐഎസ്‌ഐഎസിന്റെ നിര്‍ദേശ പ്രകാരം ഇംപ്രൊവൈസ്ഡ് സ്‌ഫോടകവസ്തുക്കള്‍ (ഐഇഡികള്‍) നിര്‍മ്മിക്കുന്നത് ഉള്‍പ്പെടെ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നു. നാച്ചനും പ്രവര്‍ത്തകരും പഡ്ഗ ഗ്രാമത്തെ വിമോചിത മേഖല ആയി പ്രഖ്യാപിച്ചു. മുസ്ലീം യുവാക്കളെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ പ്രദേശത്തേക്ക് ക്ഷണിക്കുകയും ചെയ്തു. ഭീകര സംഘടനയില്‍ ചേരുന്നവരെ ഐഎസ്‌ഐഎസിന്റെ ഖലീഫയോടുള്ള കൂറ് ഉറപ്പിക്കുന്ന പ്രതിജ്ഞ എടുപ്പിച്ചിരുന്നെന്നും എന്‍ഐഎ പറഞ്ഞു.



