ലോകമെമ്പാടുമുള്ള മുട്ട വിഭവങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ മസാല ഓംലെറ്റ് 22-ാം സ്ഥാനത്ത്. രുചികരമായ തമഗോ സാൻഡോയും ക്വിഷെ ലോറെയ്നും പോലുള്ള വിഭവങ്ങളുമായി മത്സരിച്ചാണ് ഈ നേട്ടം. മസാല ഓംലെറ്റിന്റെ പോഷക ഗുണങ്ങളെക്കുറിച്ചും ദിവസവും കഴിക്കാമോ എന്നും ഇവിടെ പരിശോധിക്കാം.
മുട്ടകൾ ലോകമെമ്പാടുമുള്ള ആളുകൾ ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ്. വൈവിധ്യമാർന്ന ഉപയോഗങ്ങളും പോഷകഗുണങ്ങളും അവയെ പ്രധാന ഭക്ഷണമാക്കി മാറ്റുന്നു. ഇന്ത്യയിൽ, മസാല ഓംലെറ്റ്, മുട്ട ബുർജി തുടങ്ങിയ വിഭവങ്ങൾ പ്രഭാത ഭക്ഷണങ്ങളിലും മറ്റു ഭക്ഷണങ്ങളിലും ഒരുപോലെ കാണാവുന്നതാണ്.
ഗ്ലോബൽ ഫുഡ് ആൻഡ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് ആണ് ഇന്ത്യയുടെ മസാല ഓംലെറ്റിനെ ലോകത്തിലെ മികച്ച മുട്ട വിഭവങ്ങളുടെ പട്ടികയിൽ 22-ാം സ്ഥാനത്ത് ഉൾപ്പെടുത്തി ആദരിച്ചത്. ജപ്പാന്റെ തമഗോ സാൻഡോ, ഫ്രാൻസിന്റെ ക്വിഷെ ലോറെയ്ൻ തുടങ്ങിയ പ്രശസ്തമായ വിഭവങ്ങളുടെ ഗണത്തിലാണ് മസാല ഓംലെറ്റിന്റെ സ്ഥാനം. ജപ്പാനിലെ അജിത്സുകെ തമഗോ, ഫിലിപ്പീൻസിലെ ടോർട്ടാങ് ടലോങ്, ഗ്രീസിലെ സ്റ്റാക മെ അയ്യ്ഗ എന്നിവയാണ് ആദ്യ സ്ഥാനങ്ങളിൽ.
മുട്ട, ഉള്ളി, തക്കാളി, പച്ചമുളക്, ഇന്ത്യൻ മസാലകൾ എന്നിവയുടെ ഒരു മിശ്രിതമാണ് മസാല ഓംലെറ്റ്. രുചികരവും എരിവുള്ളതുമായ ഈ വിഭവം ഇന്ത്യൻ വീടുകളിലും തെരുവ് ഭക്ഷണങ്ങളിലും ഒരുപോലെ പ്രിയപ്പെട്ടതാണ്.
രുചിക്ക് പുറമെ, മസാല ഓംലെറ്റ് പോഷകഗുണങ്ങളുടെ കാര്യത്തിലും മുന്നിലാണ്. ഉയർന്ന പ്രോട്ടീൻ അടങ്ങിയിരിക്കുന്നത് പേശികളുടെ ബലത്തിനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും സഹായിക്കുമെന്ന് ഡയറ്റീഷ്യന്മാർ പറയുന്നു.
പ്രോട്ടീൻ സമൃദ്ധം: ഒരു മസാല ഓംലെറ്റിൽ സാധാരണയായി 13-24 ഗ്രാം പ്രോട്ടീൻ ഉണ്ടാകും.
ഇരുമ്പും പൊട്ടാസ്യവും: ആരോഗ്യമുള്ള ചുവന്ന രക്താണുക്കൾക്കും ശരീരത്തിലെ ദ്രാവകങ്ങളുടെ സന്തുലിതത്തിനും ഈ ധാതുക്കൾ അത്യാവശ്യമാണ്.
രക്തത്തിലെ പഞ്ചസാര നിയന്ത്രണം: കുറഞ്ഞ കാർബോഹൈഡ്രേറ്റും ഉയർന്ന പ്രോട്ടീനും അടങ്ങിയതിനാൽ, മസാല ഓംലെറ്റ് സ്ഥിരമായ ഗ്ലൂക്കോസ് നിലനിർത്താൻ സഹായിക്കും.
മസാല ഓംലെറ്റ് പോഷക ഗുണങ്ങൾ ഉള്ളതാണെങ്കിലും, ദിവസവും കഴിക്കുന്നത് ഗുണകരവും ദോഷകരവുമാകാം എന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ഗുണങ്ങൾ: പേശികളുടെ ആരോഗ്യത്തിനും ഊർജ്ജത്തിനും സ്ഥിരമായ പ്രോട്ടീൻ ലഭിക്കുന്നു. ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ അവശ്യ പോഷകങ്ങൾ ലഭിക്കുന്നു. ഡയബറ്റിക് രോഗികൾക്കും തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും നല്ല ഒരു ഭക്ഷണമാണ്.
ദോഷങ്ങൾ: തയ്യാറാക്കുന്നതിനെ അനുസരിച്ച് കൊഴുപ്പും കൊളസ്ട്രോളും അധികമാകാം. അമിതമായ എണ്ണ അല്ലെങ്കിൽ വെണ്ണ ചേർക്കുന്നത് കലോറി ഉയർത്തും. മുട്ടയിലെ അമിത കൊളസ്ട്രോൾ ഹൃദയ സംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് അത്ര നല്ലതല്ല. ഒരേ ഭക്ഷണം ദിവസവും കഴിക്കുന്നത് പോഷകാഹാര അസന്തുലിതത്തിന് കാരണമാകും. ആരോഗ്യത്തിന് മിതമായ രീതിയിൽ കഴിക്കുന്നതാണ് നല്ലത്.