ചെന്നൈ: ടി20 ലോകകപ്പിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ സിംബാബ്‌വെയെ 72 റണ്‍സിന് തകര്‍ത്ത് സെമി ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ ഓപ്പണര്‍ റയാന്‍ ബെന്നറ്റ് വെടിക്കെട്ട് അര്‍ധസെഞ്ചുറിയുമായി പൊരുതി നോക്കിയെങ്കിലും 72 റണ്‍സകലെ സിംബാബ്‌വെ അടിതെറ്റി വീണു. 59 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ റയാന്‍ ബെന്നറ്റാണ് സിംബാബ്‌വെയുടെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ സിക്കന്ദര്‍ റാസ 21 പന്തില്‍ 31 റണ്‍സടിച്ചപ്പോള്‍ ഓപ്പണര്‍ മറുമാനി 20 പന്തില്‍ 20 റണ്‍സെടുത്തു. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് മൂന്നും അക്സര്‍ പട്ടേലും വരുണ്‍ ചക്രവര്‍ത്തിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ സെമി സാധ്യതകള്‍ സജീവമാക്കിയ ഇന്ത്യക്ക് ഞായറാഴ്ച കൊല്‍ക്കത്തയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന അവസാന സൂപ്പര്‍ 8 മത്സരം ജയിച്ചാല്‍ ദക്ഷിണാഫ്രിക്കക്കൊപ്പം സെമി ടിക്കറ്റെടുക്കാം. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 256-4, സിംബാബ്‌വെ 20 ഓവറില്‍ 184-6.

ഇന്ത്യയുടെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‌‌വെക്ക് പവര്‍ പ്ലേയില്‍ വിക്കറ്റൊന്നും നഷ്ടമായില്ലെങ്കിലും റണ്‍മല കയറാനുള്ള വേഗം ഇന്നിംഗ്സിനില്ലായിരുന്നു. ഒരറ്റത്ത് ബ്രയാന്‍ ബെന്നറ്റ് തകര്‍ത്തടിച്ചെങ്കിലും മറ്റാര്‍ക്കും കാര്യമായ പിന്തുണ നല്‍കാനായില്ല.ഓപ്പണിംഗ് വിക്കറ്റില്‍ മറുമാനി-ബെന്നറ്റ് സഖ്യം 6.2 ഓവറില്‍ 44 റണ്‍സടിച്ചാണ് വേര്‍പിരിഞ്ഞത്. ഡോണ്‍ മയേഴ്സുമൊത്ത്(6) ബെന്നറ്റ് സിംബാബ്‌വെയെ 50 കടത്തി. ക്യാപ്റ്റൻ സിക്കന്ദര്‍ റാസക്കൊപ്പമുള്ള 72 റണ്‍സ് കൂട്ടുകെട്ട് സിംബാബ്‌വെക്ക് ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും തോല്‍വി ഭാരം കുറക്കാനെ അതുകൊണ്ടായുള്ളു. റാസയെ പുറത്താക്കിയ അര്‍ഷ്ദീപ് സിംഗാണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയുടെ ആധിപത്യമുറപ്പിച്ചത്. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗ് നാലോവറില്‍ 24 റണ്‍സിന് 3 വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപ്പണര്‍ അഭിഷേക് ശർമയുടെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും അര്‍ധസെഞ്ചുറികളുടെയും ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, തിലക് വര്‍മ, എന്നിവരുടെ ബാറ്റിംഗ് മികവിന്‍റെയും കരുത്തില്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്.