ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. സ്വന്തം സർക്കാരിന്റെ വിവരങ്ങൾ ഇന്ത്യ അറിയുന്നത് ട്രംപ് പറഞ്ഞാണെന്നും അദ്ദേഹം പരിഹസിച്ചു. മോദി ട്രംപിന് കീഴ്പ്പെട്ടെന്നും ജയറാം രമേശ് ആരോപിച്ചു.
‘ഡൊണാൾഡ് ട്രംപ് വാഷിംഗ്ടൺ ഡിസിയിൽ നിന്ന് ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. റഷ്യയിൽ നിന്നും വെനിസ്വേലയിൽ നിന്നുമുള്ള ഇന്ത്യയുടെ എണ്ണ വാങ്ങലുകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ അദ്ദേഹം വാഷിംഗ്ടണിൽ നിന്ന് പ്രഖ്യാപിച്ചു. ഇപ്പോൾ അദ്ദേഹം വാഷിംഗ്ടണിൽ നിന്ന് ഒരു ഇന്ത്യ-യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചു. മിസ്റ്റർ മോദി ഒടുവിൽ കീഴടങ്ങിയെന്നാണ് തോന്നുന്നത്. തീർച്ചയായും ഇതിന് എല്ലാ ഇടപാടുകളുടെയും പിതാവാകാൻ കഴിയില്ല’, എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.



