ന്യൂഡൽഹി: 3.25 ലക്ഷം കോടിയുടെ റഫാൽ യുദ്ധവിമാന കരാർ നടപ്പിലായാൽ ഉടൻതന്നെ ഇന്ത്യ റഷ്യയിൽനിന്ന് അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 വാങ്ങിയേക്കും. ചൈനയുടെ അത്യാധുനിക അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ ജെ-20, ജെ-35 എന്നിവ ഉയർത്തുന്ന സുരക്ഷാ ഭീഷണി നേരിടുന്നതിന് വേണ്ടിയാണ് താത്കാലിക സ്‌റ്റെൽത്ത് പ്രതിരോധമെന്ന നിലയിൽ നിശ്ചിത എണ്ണം എസ്.യു-57 വാങ്ങുക. പ്രതിരോധ മന്ത്രാലയവും ഇന്ത്യൻ വ്യോമസേനയും തമ്മിൽ നടത്തിയ അടിയന്തര ചർച്ചകൾക്ക് ശേഷമാണ് ഈ നിർണ്ണായക തീരുമാനം. ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് (എഎംസിഎ) സേനയുടെ ഭാഗമാകാൻ പത്ത് വർഷത്തോളം സമയമെടുക്കും. അതുവരെ താൽക്കാലിക സംവിധാനമായാണ് എസ്.യു-57 വിമാനങ്ങളെ പരിഗണിക്കുന്നത്.
പാകിസ്താന് അത്യാധുനിക വിമാനങ്ങൾ നൽകുമെന്ന് ചൈന പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്ത്യയുടെ വ്യോമപ്രതിരോധം ശക്തമാക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. ഈ സഹചര്യത്തിലാണ് അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് റഷ്യയുമായി പ്രതിരോധ ഇടപാടിനൊരുങ്ങുന്നത്. ഈ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽതന്നെ നിർമിക്കുന്ന തരത്തിലുള്ള കരാറാകും ഉണ്ടാകുക. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഡിവിഷനിലാകും ഈ വിമാനങ്ങൾ നിർമ്മിക്കുക. നിലവിൽ സുഖോയ്-30 എം.കെ.ഐ യുദ്ധവിമാനങ്ങളാണ് ഇവിടെ നിർമിക്കുന്നത്. ഈ പ്ലാന്റിൽ ചെറിയ മാറ്റങ്ങൾ വരുത്തി എസ്.യു-57 നിർമ്മാണത്തിന് ഉപയോഗിക്കാൻ സാധിക്കും. റഷ്യയിൽനിന്നുള്ള സാങ്കേതിക കൈമാറ്റത്തിലൂടെ വിമാനത്തിന്റെ 40-60% ഭാഗങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാൻ സാധിക്കുമെന്ന് കരുതപ്പെടുന്നു. ഇതിനായി ഏകദേശം 5,000 മുതൽ 7,000 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നു.
അമേരിക്കയുടെ എഫ്-35 പരിഗണനയിലുണ്ടെങ്കിലും, ഇന്ത്യൻ നിർമ്മിത ആയുധങ്ങൾ അവയിൽ ഘടിപ്പിക്കുന്നതിലുള്ള കർശന നിയന്ത്രണങ്ങൾ കാരണമാണ് ഇന്ത്യ എസ്.യു-57 വിമാനങ്ങൾക്ക് മുൻഗണന നൽകുന്നത്. മുൻപ് 2007-ൽ റഷ്യയുമായി ചേർന്ന് അഞ്ചാം തലമുറ വിമാനം വികസിപ്പിക്കാനുള്ള പദ്ധതിയിൽനിന്ന് ഭാരിച്ച ചെലവ് കാരണം 2018-ൽ ഇന്ത്യ പിന്മാറിയിരുന്നു. എന്നാൽ, നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത് ഈ പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
ശത്രു റഡാറുകൾക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത വിധത്തിലുള്ള അത്യാധുനിക സ്റ്റെൽത്ത് ഫീച്ചറുകൾ ഈ വിമാനത്തിന്റെ പ്രത്യേകതയാണ്. വിമാനത്തിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഓൺബോർഡ് സെൻസറുകൾ ശത്രുക്കളെ നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനും സഹായിക്കും. മാത്രമല്ല, സാങ്കേതികവിദ്യ കൈമാറ്റം ഇന്ത്യയുടെ എഎംസിഎ പദ്ധതിയെ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും.



