ഇന്ത്യയും റഷ്യയും തമ്മിൽ ആകെ എട്ട് സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാനുള്ള നീക്കമായാണ് ഈ കരാറുകൾ വിലയിരുത്തപ്പെടുന്നത്. ചർച്ചകൾ ഫലപ്രദമായെന്ന് അഭിപ്രായപ്പെട്ട റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിൻ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘അടുത്ത സുഹൃത്ത്’ എന്ന് വിശേഷിപ്പിക്കുകയും ഇന്ത്യയിൽ നൽകിയ ഊഷ്മള സ്വീകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

തൊഴിൽ, കുടിയേറ്റം എന്നീ വിഷയങ്ങളിൽ രണ്ട് കരാറുകളിലാണ് പ്രധാനമായും ഒപ്പുവെച്ചത്. കൂടാതെ ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും സഹകരിക്കും. റഷ്യയിൽ നിന്ന് ഇന്ത്യ കൂടുതൽ രാസവളം വാങ്ങുന്നതിലും ധാരണയായിട്ടുണ്ട്. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി. സ്വതന്ത്ര വ്യാപാര കരാറിനായുള്ള ശ്രമങ്ങൾ തുടരുന്നതായും സംയുക്തമായി യൂറിയ ഉൽപ്പാദനത്തിന് ധാരണയായതായും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

സൈനികേതര ആണവോർജ്ജ രംഗത്ത് സഹകരണം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. റഷ്യൻ പ്രസിഡൻ്റ് പുടിനും ആണവോർജ്ജ രംഗത്തെ സഹകരണത്തിന് പ്രാധാന്യം നൽകി. കൂടംകുളം ആണവോർജ നിലയത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കാൻ സഹകരിക്കുമെന്ന് പുടിൻ പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആണവോർജ നിലയങ്ങളിലൊന്നാണിത്. ചെറു ആണവ റിയാക്ടറുകൾ നിർമ്മിക്കാനും സഹകരണം ശക്തമാക്കുമെന്നും പുടിൻ കൂട്ടിച്ചേർത്തു.

റഷ്യ യുക്രെയ്ൻ സംഘർഷം തീർക്കാനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്യുന്നു. ഇതിന് എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിച്ച മോദി, ഭീകരവാദത്തെ ഇരുരാജ്യങ്ങളും ഒന്നിച്ച് നേരിടുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളിൽ സഹകരണം ശക്തമാക്കാൻ കരാറുകൾ ഒപ്പിട്ടതായി പുടിൻ അറിയിച്ചു.