ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വ്യാപാരബന്ധം തുടർന്നതിന്റെ പേരിൽ ഇന്ത്യയെ ലക്ഷ്യംവെക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. അതിർത്തികടന്നുള്ള ഭീകരതയുമായി ബന്ധപ്പെട്ട വിഷയത്തിൽ പാകിസ്താന് നേരിട്ടോ അല്ലാതെയോ പിന്തുണ നൽകുന്നതിനെതിരേയും എസ്. ജയശങ്കർ മുന്നറിയിപ്പ് നൽകി. പോളണ്ട് ഉപപ്രധാനമന്ത്രി റാഡോസ്ലാവ് സിക്കോർക്സിയുമായി ന്യൂഡൽഹിയിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ജയശങ്കർ ഇക്കാര്യം ആവശ്യപ്പെട്ടത്.
ഞങ്ങളുടെ മേഖലകളേക്കുറിച്ച് ഉപപ്രധാനമന്ത്രിയ്ക്ക് അറിയാത്തതല്ല. അതിർത്തികടന്നുള്ള ഭീകരതയുടെ ദീർഘകാല വെല്ലുവിളികളെക്കുറിച്ച് നിങ്ങൾക്ക് നല്ല അറിവുണ്ട്. ഭീകരതയോട് പോളണ്ട് ഒരു വിട്ടുവീഴ്ചയും കാട്ടരുത്. അയൽരാജ്യത്ത് ഭീകരവാദത്തിന് സൗകര്യങ്ങൾ ഒരുക്കാൻ സഹായിക്കുകയുമരുത്, ജയശങ്കർ ആവശ്യപ്പെട്ടു.
ന്യൂയോർക്കിലേയും പാരീസിലേയും യുക്രൈനിലേയും സംഘർഷത്തെയും അതിന്റെ പ്രത്യാഘാതങ്ങളെയുംകുറിച്ച് തങ്ങളുടെ കാഴ്ചപ്പാട് തുറന്നുപങ്കുവെച്ചതാണ്. ഇന്ത്യയെ ലക്ഷ്യമിടുന്നത് അന്യായമാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അത് ആവർത്തിക്കുകയാണ്, വിദേശകാര്യമന്ത്രി പറഞ്ഞു. ഇന്ത്യ-പോളണ്ട് തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തം വികസിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും കൂടിക്കാഴ്ചയിൽ താത്പര്യം പ്രകടിപ്പിച്ചു.



